Kerala
കാരവനിലുള്ളിലെ ഇരട്ട മരണം വായുസഞ്ചാരം നിലച്ചത് മൂലമെന്ന് അനുമാനം
രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ ആകാം ഡോറിനടുത്തേക്ക് ഒരാള്‍ എത്തിയത്
കോഴിക്കോട് | പാതയോരത്ത് കാരവനില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത് നാടിനെ ആശങ്കയിലാക്കി. ഇന്നലെ രാത്രി എട്ടോടെയാണ് കരിമ്പനപ്പാലം കെ ടി ഡി സിയുടെ ആഹാര്‍ റസ്റ്റോറന്റിന് സമീപത്തായി നിര്‍ത്തിയിട്ട വാഹനത്തില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടത്.
സിനിമാ ഷൂട്ടിംഗ് സംഘം ഉപയോഗിക്കുന്ന തരത്തിലുള്ള കാരവന്‍ വാഹനം ഞായറാഴ്ച രാത്രി ഇവിടെ നിര്‍ത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ വാഹനത്തിനടുത്ത് എത്തി പരിശോധന നടത്തി.
പരിശോധനയില്‍ ഡോറിന് സമീപത്തായി ഒരാള്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരാള്‍ വാഹനത്തിന്റെ ബര്‍ത്തിലും മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. സൈഡ് ഗ്ലാസ്സ് മാത്രമുള്ള എയര്‍കണ്ടീഷന്‍ ചെയ്ത വാഹനമാണിത്. ഭക്ഷണം കഴിച്ചശേഷം വാഹനത്തില്‍ കിടന്നു ഉറങ്ങിപ്പോയതാകാനാണ് സാധ്യത.
വാഹനത്തിനുള്ളിലേക്കുള്ള വായു സഞ്ചാരം നിലച്ചിട്ടുണ്ടാകാമെന്നാണ് അനുമാനിക്കുന്നത്. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ ആകാം ഡോറിനടുത്തേക്ക് ഒരാള്‍ എത്തിയത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചവരുടെ ബന്ധുക്കളെയും വാഹനത്തിന്റെ ഉടമസ്ഥരെയും വിവരം അറിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നിരവധി പേരാണ് കരിമ്പനപ്പാലത്ത് എത്തിയത്.