Connect with us

International

യൂസര്‍മാര്‍ ആവശ്യപ്പെടുന്ന സവിശേഷതയുമായി ട്വിറ്റര്‍ എത്തുന്നു

നിലവിലെ 280 അക്ഷരങ്ങള്‍ മാത്രമെന്ന പരിമിതി മറികടക്കാന്‍ കഴിയുന്ന 'ട്വിറ്റര്‍ ആര്‍ട്ടിക്കിള്‍' എന്ന ഫീച്ചറാണ് കമ്പനി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ട്വിറ്റര്‍ അടുത്തകാലത്തായി പ്ലാറ്റ്‌ഫോമില്‍ ടിക് ടോക് പോലുള്ള വീഡിയോ ട്വീറ്റുകളും ഇമോജി റിയാക്ഷനുമടക്കമുള്ള പുത്തന്‍ ഫീച്ചറുകള്‍ പരീക്ഷിക്കുകയാണ്. സാമൂഹിക മാധ്യമരംഗത്തെ കടുത്ത മത്സരമാണ് ട്വിറ്ററിനെ അത്തരം നീക്കങ്ങളിലേക്ക് പ്രേരിപ്പിക്കുന്നത്. യൂസര്‍മാര്‍ നിരന്തരം ആവശ്യപ്പെടുന്ന പുതിയ സവിശേഷതയാണ് അമേരിക്കന്‍ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം പുതിയതായി അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ 280 അക്ഷരങ്ങള്‍ മാത്രമെന്ന പരിമിതി മറികടക്കാന്‍ കഴിയുന്ന ‘ട്വിറ്റര്‍ ആര്‍ട്ടിക്കിള്‍’ എന്ന ഫീച്ചറാണ് കമ്പനി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍ യൂസര്‍മാരെ ദൈര്‍ഘ്യമുള്ള പോസ്റ്റുകള്‍ പങ്കുവെക്കാന്‍ അനുവദിക്കും. പ്രശസ്ത റിവേഴ്‌സ് എഞ്ചിനീയറായ ജെയിന്‍ മാന്‍ചന്‍ വോങ് ആണ് ‘ട്വിറ്റര്‍ ആര്‍ട്ടിക്കിളി’നെ കുറിച്ച് സൂചന നല്‍കിയത്. ട്വിറ്ററില്‍ ആര്‍ക്കിള്‍ ഫീച്ചറിനായി പ്രത്യേക സെക്ഷന്‍ പ്രതിക്ഷിക്കാമെന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്.

നിലവില്‍ യൂസര്‍മാര്‍ക്ക് ട്വിറ്ററില്‍ വലിയ പോസ്റ്റുകള്‍ പങ്കുവെക്കാനായി നിരവധി ട്വീറ്റുകളുടെ ട്വിറ്റര്‍ ത്രെഡ് ക്രിയേറ്റ് ചെയ്യേണ്ടതായി വരാറുണ്ട്. അത് പോസ്റ്റ് ചെയ്യുന്നവര്‍ക്കും വായനക്കാര്‍ക്കും വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. എന്നാല്‍, പുതിയ ഫീച്ചര്‍ വരുന്നതോടെ അതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 140 അക്ഷരങ്ങളായിരുന്നു ട്വിറ്ററിന്റെ കാരക്ടര്‍ ലിമിറ്റ്. 2017ല്‍ അത് കമ്പനി ഇരട്ടിയാക്കി വര്‍ധിപ്പിക്കുകയായിരുന്നു. അതേസമയം, പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ട്വിറ്റര്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.