Connect with us

Kerala

പാലക്കാട് വടക്കഞ്ചേരിയിൽ കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർഥികൾ മരിച്ചു

വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത നീലിപ്പാറയിൽ വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് അപകടം

Published

|

Last Updated

അപകടത്തിൽ മരിച്ച റോഷനും ഇസാമും

വടക്കഞ്ചേരി | കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പന്തലാം പാടം മേരി മാതാ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അഷറഫലിയുടെ മകൻ മുഹമ്മദ്റോഷൻ (15), വടക്കഞ്ചേരി നായർകുന്ന് കൈതപ്പാടം വലിയ വീട്ടിൽ വി എം ഇക്ബാൽ മകൻ മുഹമ്മദ് ഇസാം (15) എന്നിവരാണ് മരിച്ചത്. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത നീലിപ്പാറയിൽ വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് അപകടം. ട്വൻ്റി ഫോർ വാർത്താസംഘം സഞ്ചരിച്ച കാറാണ് കുട്ടികളെ ഇടിച്ചത്.

വാണിയമ്പാറ മേലേചുങ്കം പള്ളിയിൽ ജുമാ നമസ്ക്കാരത്തിന് ശേഷം സ്കൂളിലേക്ക് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുനെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഇടിയുടെ അഘാതത്തിൽ വിദ്യാർത്ഥികളിൽ ഒരാൾ 20 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് പോയി. മറ്റൊരാൾ തെറിച്ച് കാറിൻ്റെ ചില്ലിൽ ഇടിച്ചതിന് ശേഷം റോഡരികിലേക്ക് പതിച്ചു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കാറിൻ്റെ ഡ്രൈവർ തൃശൂർ തലോർ സ്വദേശി ഇമ്മാനുവൽ (26) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിദ്യാർത്ഥികളുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം തൃശുർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

മുഹമ്മദ് ഇസാമിൻ്റ മാതാവ്: നസീമ. സഹോദരി: ഇഷ. മുഹമ്മദ് റോഷൻ്റെ മാതാവ്: റംലത്ത്, സഹോദരങ്ങൾ: റഹീമതസ്നി, റഹ്ന നസ്റിൻ

Latest