Connect with us

Kerala

കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്: രണ്ട് പ്രതികള്‍ പിടിയില്‍

തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടില്‍ വീട്ടില്‍ റോഷന്‍ വര്‍ഗീസ് (29), ആലംതുരുത്തി മാങ്കുളത്തില്‍ വീട്ടില്‍ ഷിജോ വര്‍ഗീസ് (23) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

തിരുവല്ല | മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത കല്ലിടുക്കില്‍ കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടില്‍ വീട്ടില്‍ റോഷന്‍ വര്‍ഗീസ് (29), ആലംതുരുത്തി മാങ്കുളത്തില്‍ വീട്ടില്‍ ഷിജോ വര്‍ഗീസ് (23) എന്നിവരെയാണ് ഇന്നലെ തിരുവല്ലയില്‍ നിന്നും പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ തൃശൂര്‍ സ്വദേശികളായ പള്ളിനട ഊളക്കല്‍ വീട്ടില്‍ സിദ്ദിഖ് (26), കൊളത്തൂര്‍ തൈവളപ്പില്‍ വീട്ടില്‍ നിഷാന്ത് (24), മൂന്നുപീടിക അടിപ്പറമ്പില്‍ വീട്ടില്‍ നിഖില്‍നാഥ് (36) എന്നിവരെ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് കുതിരാനില്‍ നിന്ന് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷിജോ വര്‍ഗീസിനെയും റോഷന്‍ വര്‍ഗീസിനെയും കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്വര്‍ണം തട്ടിയെടുത്തത്.

തൃശൂര്‍ കിഴക്കേക്കോട്ട നടക്കിലാല്‍ അരുണ്‍ സണ്ണി, സുഹൃത്ത് ചാലക്കുടി കോട്ടാത്തുപറമ്പില്‍ റോജി തോമസ് എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടര കിലോ സ്വര്‍ണം കവരുകയായിരുന്നു. മൂന്നു കാറുകളിലായി എത്തിയ 11 അംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. മണ്ണുത്തി, പീച്ചി, വിയ്യൂര്‍, ഒല്ലൂര്‍ സ്റ്റേഷനുകളിലെ പോലീസുകാരും പ്രത്യേക സ്‌ക്വാഡായ സാഗോക്കും ചേര്‍ന്നാണ് സംഘാംഗങ്ങളെ പിടികൂടിയത്.

കര്‍ണാടകയിലും തമിഴ്നാട്ടിലും സമാന രീതിയില്‍ കവര്‍ച്ച നടന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഒന്നാം പ്രതി റോഷന് തിരുവല്ല, ചങ്ങനാശ്ശേരി, ചേര്‍ത്തല എന്നീ സ്റ്റേഷനുകളില്‍ 22 കേസുണ്ട്. കേസിലെ പ്രധാന സൂത്രധാരനാണ് റോഷന്‍ വര്‍ഗീസ്. ഷിജോയ്ക്ക് തിരുവല്ല, കോട്ടയം ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളില്‍ ഒമ്പത് കേസും സിദ്ദിഖിന് മതിലകം, കൊടുങ്ങല്ലൂര്‍, മൂവാറ്റുപുഴ സ്റ്റേഷനുകളില്‍ എട്ട് കേസും നിശാന്തിന് കൊണ്ടോട്ടി സ്റ്റേഷനില്‍ ഒരു കേസും നിഖില്‍ നാഥിന് മതിലകം, കാട്ടൂര്‍, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളിലായി 12 കേസും നിലവിലുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി.

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഒല്ലൂര്‍ എ സി പി എസ്. പി. സുധീരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പീച്ചി ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍, മണ്ണുത്തി എസ് ഐ. കെ സി ബൈജു, വിയ്യൂര്‍ എസ് ഐ. എന്‍ ന്യൂമാന്‍, സൈബര്‍സെല്‍ എസ് ഐ. ടി ഡി ഫീസ്റ്റോ, എ എസ് ഐമാരായ പി എം റാഫി, പഴനിസ്വാമി, അജിത് കുമാര്‍, രജിത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്, ദിലീപ്, മിനീഷ്, മഹേഷ്, അബീഷ് ആന്റണി, അനില്‍കുമാര്‍, നിതീഷ്, സെബാസ്റ്റ്യന്‍, വിഷ്ണു എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.

 

 

Latest