Ongoing News
ഭാരമുള്ള പമ്പ് വീണ് പരുക്കേറ്റ തൊഴിലാളിക്ക് രണ്ടര ലക്ഷം ദിർഹം നഷ്ടപരിഹാരം
തൊഴിലാളിയുടെ നട്ടെല്ലിനും വാരിയെല്ലിനും ഒന്നിലധികം പൊട്ടലുണ്ടായിരുന്നു

അബൂദബി | ജോലിക്കിടെ ഭാരമുള്ള പമ്പ് വീണ് ഗുരുതര പരുക്കേറ്റ തൊഴിലാളിക്ക് അബൂദബി കോടതി 2,50,000 ദിർഹം നഷ്ടപരിഹാരം വിധിച്ചു. അപകടം നടക്കുമ്പോൾ പമ്പിൻ്റെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന തൊഴിലാളിയുടെ നട്ടെല്ലിനും വാരിയെല്ലിനും ഒന്നിലധികം പൊട്ടലുണ്ടായി.
അപകടം കാരണം തനിക്ക് നേരിട്ട നാശനഷ്ടങ്ങൾക്ക് 5,00,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി ഉടമക്കെതിരെ തൊഴിലാളി കേസ് ഫയൽ ചെയ്തതായി കോടതി വ്യക്തമാക്കി. കമ്പനിയുടെ വർക് ഷോപ്പിലെ പമ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് പമ്പ് വീണത്. അപകടത്തിൽ സുഷുമ്‌നാ നാഡിക്കും പുറകിലെ വാരിയെല്ലിനും ഒന്നിലധികം ഒടിവുകൾ ഉണ്ടായതായി തൊഴിലാളി തൻ്റെ പരാതിയിൽ പറഞ്ഞു.
കമ്പനിയുടെ അശ്രദ്ധയും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുടെ അഭാവവുമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. അശ്രദ്ധക്കും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും അബൂദബി ക്രിമിനൽ കോടതി നേരത്തെ കമ്പനി ഉടമയെ ശിക്ഷിച്ചിരുന്നു. കമ്പനി ഉടമക്ക് 10,000 ദിർഹം പിഴ ചുമത്തുകയും തൊഴിലാളിക്ക് 60,000 ദിർഹം താത്ക്കാലിക നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. തൊഴിലാളി കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി ഉടമക്കെതിരെ വീണ്ടും സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
പരുക്കുകൾ തൻ്റെ ജീവിതത്തെ മോശമായി ബാധിച്ചു. ദീർഘനേരം ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. തൻ്റെ കുടുംബത്തിൻ്റെ ഏക ആശ്രയം താനാണെന്ന് പരാതിയിൽ കോടതിയെ ബോധിപ്പിച്ചു. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി തൊഴിലാളിക്ക് 2,50,000 ദിർഹം നൽകണമെന്ന് അബൂദബി സിവിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി നേരത്തെ കമ്പനി ഉടമയോട് നിർദ്ദേശിച്ചിരുന്നു. കീഴ്‌ക്കോടതി വിധി ശരിവെച്ച അപ്പീൽ കോടതി വിധിയെ തൊഴിലുടമ ചോദ്യം ചെയ്തു. തൊഴിലാളിയുടെ നിയമപരമായ ചിലവുകളും കമ്പനി ഉടമ നൽകും.