Uae
ഫുട്‌ബോൾ മത്സരം കാണുന്നതിനിടെ ചുവന്ന സിഗ്‌നലുകള്‍ ഉപയോഗിച്ചു; രണ്ടു പേർ അറസ്റ്റിൽ
സുരക്ഷാ ലംഘനങ്ങൾ കൈകാര്യം ചെയ്യാൻ ദുബൈ പോലീസ് സന്നദ്ധമാണെന്ന് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി പറഞ്ഞു

ദുബൈ | സ്‌പോർട്‌സ് സ്റ്റേഡിയത്തില്‍ സമീപമുള്ളവർക്ക് വലിയ അപകടവും ഭീഷണിയും സൃഷ്ടിച്ച രണ്ട് ഫുട്‌ബോൾ കാണികളെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. കപ്പലോട്ടത്തിനിടെ സഹായം അഭ്യർഥിക്കുന്നതിന് ഉപയോഗിക്കുന്ന ചുവന്ന സിഗ്‌നലുകള്‍ ഫുട്‌ബോൾ മത്സരം കാണുന്നതിനിടെ ഉപയോഗിച്ചതിനാണ് ഇരുവരും പിടിയിലായത്.
കായിക മത്സരങ്ങളുടെ സുരക്ഷ ഉയർത്തിപ്പിടിക്കാനും സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനും മത്സരങ്ങൾ നടക്കുന്ന സമയത്തും സ്റ്റേഡിയങ്ങളിലും തീപ്പിടിക്കുന്ന വസ്തുക്കളോ മറ്റ് അപകടകരമായ വസ്തുക്കളോ കൊണ്ടുവരുന്നത് പോലുള്ള പ്രവർത്തനങ്ങൾ തടയുമെന്ന് പോലീസ് വ്യക്തമാക്കി.
സുരക്ഷാ ലംഘനങ്ങൾ കൈകാര്യം ചെയ്യാൻ ദുബൈ പോലീസ് സന്നദ്ധമാണെന്ന് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി പറഞ്ഞു. സ്പെഷ്യൽ ഓപറേഷൻസ്, ട്രാഫിക് പട്രോളിംഗ്, മൗണ്ട്ഡ് യൂണിറ്റുകൾ എന്നിവയുൾപ്പെടെ വിവിധ സുരക്ഷാ സേനകൾ ജാഗ്രത പാലിക്കുകയും സ്പോർട്സ് മത്സരങ്ങളിൽ സുരക്ഷാ നടപടിക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു സുരക്ഷാ ലംഘനവും അനുവദിക്കില്ല. പൊതുജന സുരക്ഷക്ക് ഭീഷണിയാകുന്നവർക്കെതിരെ നടപടിയെടുക്കും. മത്സരങ്ങൾക്ക് മുമ്പും സമയത്തും ശേഷവും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രിത പ്രദേശങ്ങളിൽ കാണികൾ പ്രവേശിക്കുകയോ ആയുധങ്ങളോ പടക്കങ്ങളോ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ കായിക വേദികളിലേക്ക് കൊണ്ടുവരുകയോ ചെയ്യരുത്. ലംഘനങ്ങൾ തടവിനും കനത്ത പിഴക്കും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അക്രമാസക്തമായ പ്രവർത്തനങ്ങൾ, കുറ്റകരമായ പെരുമാറ്റം, അല്ലെങ്കിൽ രാഷ്ട്രീയ ആവിഷ്‌കാരത്തിനായി കായിക പരിപാടികൾ ഉപയോഗിക്കുന്നവർക്ക് 5,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴ ചുമത്തും. ഗുരുതരമായ ലംഘനങ്ങൾക്ക് പിഴകൾ ഇനിയും വർധിക്കും.