National
മുംബൈയില്‍ ജ്വല്ലറി കൊള്ളയടിച്ച് രണ്ട് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന സംഭവം; രണ്ടുപേര്‍ പിടിയില്‍
വിനോദ് ലഖന്‍ പാല്‍, സന്തോഷ് കുമാര്‍ എന്നിവരാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
മുംബൈ|മുംബൈയില്‍ ജ്വല്ലറി കൊള്ളയടിച്ച് രണ്ട് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. മുംബൈയിലെ ആര്‍തര്‍ റോഡിലെ സാത് റസ്തയില്‍ സ്ഥിതി ചെയ്യുന്ന ഋഷഭ് ജ്വല്ലേഴ്‌സിലാണ് കവര്‍ച്ച നടന്നത്. മുഖ്യപ്രതി വിനോദ് ലഖന്‍ പാല്‍, ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിയായ സന്തോഷ് കുമാര്‍ എന്നിവരാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് മോഷണം നടന്നത്. പ്രതികള്‍ ജ്വല്ലറിയില്‍ കടന്ന് രണ്ടുകോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയുമാണ് കവര്‍ന്നത്. 1.91 കോടി രൂപ വിലമതിക്കുന്ന 2458 ഗ്രാം സ്വര്‍ണാഭരണങ്ങളും 1.77 ലക്ഷം രൂപ വിലമതിക്കുന്ന 2200 ഗ്രാം വെള്ളിയുമാണ് കൊള്ളയടിച്ചത്.
ജ്വല്ലറി ഉടമ ഭവര്‍ലാല്‍ ധരംചന്ദ് ജെയിന്‍, ജീവനക്കാരനായ പുരണ്‍ കുമാര്‍ എന്നിവരെ മോഷ്ടാക്കള്‍ തോക്ക് ചൂണ്ടി ആക്രമിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. മര്‍ദിച്ച ശേഷം കവര്‍ച്ചക്കാര്‍ ഇരുവരെയും കെട്ടിയിട്ട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.