National
ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ച് രണ്ട് അയ്യപ്പ ഭക്തർ മരിച്ചു
പരുക്കേറ്റ ഏഴ് പേര്‍ ചികിത്സയിലാണ്.
ബെംഗളൂരു | കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പാചക വാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം. മൂന്ന് ദിവസം മുമ്പാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ് കര്‍ണാടകയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നവരാണ് മരിച്ചത്. പരുക്കേറ്റ മറ്റ് ഏഴ് പേര്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ഹുബ്ബള്ളിയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിന് സമീപത്തുവെച്ച് ഭക്തരുടെ സംഘത്തിലെ ഒരാള്‍ എല്‍പിജി സ്റ്റൗ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് ഗ്യാസ് ചോര്‍ച്ചയ്ക്കും പിന്നാലെ പൊട്ടിത്തെറിക്കും കാരണമായതെന്ന് പരിസരവാസികള്‍ പറഞ്ഞു.
ഭക്തര്‍ കിടന്നുറങ്ങിയ മുറിയിലേക്ക് തീ അതിവേഗം പടര്‍ന്ന് പിടിക്കുകയായിരുന്നു.മുറിക്ക് ഒരു വാതിലും ജനലും മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാന്‍ സാധിക്കാതെ ഇവര്‍ മുറിയ്ക്കുള്ളില്‍ കുടുങ്ങി. പിന്നീട് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.