unemployment
2014ല്‍ പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്തു; എങ്കില്‍ ആ 15 കോടി അവസരങ്ങള്‍ എവിടെയെന്ന് മോദിയോട് കോണ്‍ഗ്രസ്
'കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒമ്പത് ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്'

ന്യൂഡല്‍ഹി | രാജ്യത്ത് തൊഴിലല്ലായ്മ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ബജറ്റില്‍ കാര്യമായ പ്രഖ്യാപനമൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ. രാജ്യത്ത് വിവിധ പൊതുമേഖലാസ്ഥാപനങ്ങളിലേതടക്കം ഒഴിവുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
പ്രതിവര്‍ഷം രണ്ട് കോടി ജോലികള്‍ നല്‍കുമെന്നായിരുന്നു 2014ല്‍ ബി ജെ പിയുടെ വാഗ്ദാനം. അങ്ങനെയെങ്കില്‍ ഈ വര്‍ഷം വരെ നിങ്ങള്‍ 15 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാകണം. എന്നാല്‍, യഥാര്‍ഥത്തില്‍ നിങ്ങള്‍ എത്ര അവസരങ്ങള്‍ സൃഷ്ടിച്ചു? അഞ്ചു വര്‍ഷംകൊണ്ട് ആകെ 60 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് ഈ വര്‍ഷത്തെ ബജറ്റ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
രാജ്യത്ത് വ്യാപകമായ തൊഴിലില്ലായ്മയുണ്ട്. സര്‍ക്കാര്‍ ജോലി കുറയുന്നു. വലിയ ഫാക്ടറികള്‍ അടച്ചു പൂട്ടുന്നു. രാജ്യത്തേക്ക് നിക്ഷേപം എത്തുന്നില്ല. ഇക്കാരണത്താല്‍ യുവാക്കള്‍ വലിയ ആശങ്കയിലാണ്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒമ്പത് ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതില്‍ 15% റെയില്‍വേയിലാണ്. 40% പ്രതിരോധമേഖലയിലും 12% ആഭ്യന്തര വകുപ്പിലുമാണ്. നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ ഒമ്പത് ശതമാനവും ഗ്രാമ പ്രദേശങ്ങളില്‍ 7.2ശതമാനവും ആണെന്നും അദ്ദേഹം രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി.