Connect with us

Saudi Arabia

ദ്വിദിന സന്ദർശനം: ഇന്ത്യൻ പ്രധാനമന്ത്രി ഏപ്രിൽ 22ന് സഊദിയിലെത്തും

ഇന്ത്യയിൽ നിന്നുള്ള 420,00 പേരുടെ ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായ വിഷയവും ചർച്ചയായേക്കും  

Published

|

Last Updated

ന്യൂഡല്‍ഹി/റിയാദ്| പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 22ന് ദ്വിദിന സന്ദര്‍ശനത്തിനായി സഊദി അറേബ്യയിലെത്തും. 2016 ലും 2019 ലും നടത്തിയ മുന്‍ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി മോദിയുടെ മൂന്നാമത്തെ സഊദി സന്ദര്‍ശനമാണിത്. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ 22 ന് ജിദ്ദയിലെത്തുന്ന പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സല്‍മാന്‍ രാജാവ്,കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

വ്യാപാരം, നിക്ഷേപം, ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളില്‍ പ്രധാനമന്ത്രി ഒപ്പുവെക്കും.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന മോദി, രാജ്യത്തെ പൊതു സമൂഹവുമായും സംവദിക്കുമെന്നാണ് സൂചന.ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള 42,000 സ്വകാര്യ ഹാജിമാരുടെ യാത്ര പുനഃസ്ഥാപിക്കാനുള്ള വിഷയങ്ങളും ചര്‍ച്ചയായേക്കും. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുള്ള തീര്‍ഥാടന യാത്രയിലെ അനിശ്ചിതത്വം പരിഹരിക്കണമെന്നും അടിയന്തരനയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാന മന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു.

സാമൂഹിക-സാംസ്‌കാരിക, വ്യാപാര ബന്ധങ്ങളുടെ നീണ്ട ചരിത്രമുള്ള ഇന്ത്യയും സൗദി അറേബ്യയും തന്ത്രപരമായ പങ്കാളികള്‍ എന്ന നിലയില്‍ രാഷ്ട്രീയ, പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഇരു രാജ്യങ്ങളും പങ്കിടുന്നതിനാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് അറബ് മാധ്യമങ്ങള്‍ നല്‍കുന്നത്.

ഊര്‍ജ്ജ മേഖലയില്‍ സഊദിയുമായി ദൃഢ ബന്ധമാണ് ഇന്ത്യക്കുള്ളത്. 2023-24 ല്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ്, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉറവിട കേന്ദ്രമായിരുന്നു സഊദി 2023-24 ല്‍ ഇന്ത്യ സഊദി അറേബ്യയില്‍ നിന്ന് 33.35 എംഎംടി അസംസ്‌കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇത് രാജ്യത്തിന്റെ മൊത്തം അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 14.3% ആയിരുന്നു. കൂടാതെ ഇന്ത്യയ്ക്ക് എല്‍പിജി ഉറവിടമായി മൂന്നാമത്തെ വലിയ രാജ്യമായിരുന്നു.

അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കോംട്രേഡ് ഡാറ്റാബേസ് പ്രകാരം, 2023-ല്‍ 30.23 ബില്യണ്‍ യുഎസ് ഡോളറായിരുന്നു ഇന്ത്യയിലേക്കുള്ള സഊദിയുടെ കയറ്റുമതി 2023 സെപ്റ്റംബറിലെ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനും ഇന്ത്യ-സഊദി തന്ത്രപരമായ പങ്കാളിത്ത കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ സഹ-അധ്യക്ഷത വഹിക്കാനുമായി സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയിലേക്ക് നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് മോദിയുടെ സഊദി സന്ദര്‍ശനം.