National
രണ്ട് ദിവസത്തെ സന്ദര്‍ശനം; നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യയിലെത്തും
സുപ്രധാന കരാറുകളിൽ ഒപ്പിടുമെന്ന് സൂചന

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് സൗദി അറേബ്യയിലെത്തും.സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയില്‍ സാമ്പത്തിക, പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെക്കും.
ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ നരേന്ദ്രമോദി സംസാരിക്കും. വൈകിട്ടാണ് സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച.
ഊര്‍ജ്ജ, പ്രതിരോധ രംഗങ്ങളില്‍ സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച നടക്കും.സ്വകാര്യ ടൂര്‍ ഏജന്‍സികള്‍ വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂട്ടി നല്‍കണമെന്ന അഭ്യര്‍ത്ഥന ഇന്ത്യ മുന്നോട്ട് വയ്ക്കും.കൂടാതെ ഇന്ത്യാ-യൂറോപ് കോറിഡോര്‍, ഗസ്സ എന്നിവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്.നരേന്ദ്ര മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി എന്നിവിടങ്ങുന്ന പതിനൊന്ന് അംഗ ഉന്നതതല സംഘമാണ് ജിദ്ദ സന്ദര്‍ശിക്കുക.