Connect with us

Ongoing News

ഒരേ റണ്‍വേയില്‍ ടേക് ഓഫിനൊരുങ്ങി ഇന്ത്യയിലേക്കുള്ള രണ്ട് വിമാനങ്ങള്‍; ദുബൈ വിമാനത്തില്‍ ഒഴിവായത് വന്‍ അപകടം

ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും പുറപ്പെട്ട എമിറേറ്റ്‌സിന്റെ രണ്ട് വിമാനങ്ങളാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി | ദുബായ് വിമാനത്താവളത്തില്‍ കഴിഞ്ഞ ഞായറാഴ്ച തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം. രണ്ട് വിമാനങ്ങള്‍ ഒരേ റണ്‍വേയില്‍ ടേക്ക് ഓഫിന് ശ്രമിച്ചതാണ് സംഭവം. അവസാന നിമിഷം എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് ഒരു വിമാനം ടാക്‌സി ബേയിലേക്ക് മാറ്റിയത് ദുരന്തം ഒഴിവാക്കി.

ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും പുറപ്പെട്ട എമിറേറ്റ്‌സിന്റെ രണ്ട് വിമാനങ്ങളാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇ കെ 524 നമ്പര്‍ വിമാനം രാത്രി 9.45നാണ് പുറപ്പെടേണ്ടിയിരുന്നത്. ഇതില്‍ നിന്ന് അഞ്ച് മിനുട്ട് മാത്രം വ്യത്യാസത്തില്‍ ഇ കെ 568 നമ്പര്‍ വിമാനവും ടേക്ഓഫിന് ഷെഡ്യൂള്‍ ചെയ്തിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഈ രണ്ട് വിമാനങ്ങളും ഒരേ റണ്‍വേയില്‍ വന്നു.

ഹൈദരാബാദിലേക്കുള്ള വിമാനം ടേക് ഓഫിനായി വേഗത്തില്‍ ഓടാന്‍ തുടങ്ങുമ്പോഴാണ് അതേ ദിശയില്‍ മറ്റൊരുവിമാനം വരുന്നത് ക്രൂവിന്റെ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍ തന്നെ ടേക്ക് ഓഫ് നിര്‍ത്തിവെക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വിമാനം സുരക്ഷിതമായി വേഗത കുറയ്ക്കുകയും റണ്‍വേ മുറിച്ചുകടന്ന് ടാക്‌സി ബേയിലേക്ക് മാറ്റുകയും ചെയ്തു. ബംഗളൂരുവിലേക്കുള്ള വിമാനം അതേ റണ്‍വേയില്‍ തന്നെ പറന്നുയരുകയും ചെയ്തു. ഹൈദരാബാദിലേക്ക് പോകുന്ന എമിറേറ്റ്‌സ് വിമാനം ടാക്‌സി ബേയിലേക്ക് തിരികെ പോയി കുറച്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് ബംഗളൂരുവിലേക്കുള്ള വിമാനം പുറന്നുയര്‍ന്നത്.

സംഭവത്തെക്കുറിച്ച് യുഎഇയിലെ എ.എ.ഐ.എസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി എമിറേറ്റ്‌സ് സ്ഥിരീകരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.