Connect with us

Uae

രണ്ട് ഇന്ത്യൻ കമ്പനികൾക്ക് അബൂദബി എണ്ണപ്പാടത്ത് ഉത്പാദനാവകാശം

റുവൈസ് മേഖലയിലെ 6,162 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഈ കമ്പനികൾക്ക് 100 ശതമാനം അവകാശം നൽകും.

Published

|

Last Updated

അബൂദബി | അബൂദബി സുപ്രീം കൗൺസിൽ ഫോർ ഫിനാൻഷ്യൽ ആൻഡ് ഇക്കോണമിക് അഫയേഴ്സ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ രണ്ട് ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് ഉത്പാദന അവകാശം അനുവദിച്ചു.

റുവൈസ് മേഖലയിലെ 6,162 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഈ കമ്പനികൾക്ക് 100 ശതമാനം അവകാശം നൽകും. ഈ രണ്ട് കമ്പനികൾ ചേർന്ന് രൂപീകരിച്ച ഊർജ ഭാരത് പി ടി ഇ ലിമിറ്റഡ് (യു ബി പി എൽ) എന്ന കൺഷോർഷ്യമാണ് പ്രവർത്തനം നടത്തുക.

നേരത്തെ, ഓൺഷോർ ബ്ലോക്ക് ഒന്നിൽ 38 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിനുള്ളിൽ നടത്തിയ പ്രാരംഭ പര്യവേക്ഷണം നല്ല ഫലങ്ങൾ നൽകിയതിനെ തുടർന്നാണ് ഉൽപ്പാദന അവകാശം നൽകുന്നത്. പരമ്പരാഗത അവികസിത എണ്ണ, വാതക വിഭവങ്ങൾ ഉത്പാദനത്തിൽ ഉൾപ്പെടും.
അബൂദബിയുടെ ദീർഘകാല സാമ്പത്തിക അഭിവൃദ്ധി ഉറപ്പാക്കുന്നതിനൊപ്പം എമിറേറ്റിന്റെ ഹൈഡ്രോകാർബൺ മേഖലയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്താൻ യു ബി പി എല്ലിന്റെ അൽ റുവൈസ് ഏരിയയിലെ ഉത്പാദന പ്രവർത്തനം സഹായിക്കുമെന്ന് സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അസം മുഹമ്മദ് ബു അതാബ അൽ സാബി പറഞ്ഞു.

2019-ലാണ് യു ബി പി എല്ലിന്റെ പര്യവേക്ഷണം അനുവദിച്ചത്. ഈ ഘട്ടത്തിൽ കമ്പനി ഏകദേശം 164 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു. ഈ ആഴ്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി വർഷത്തിൽ ഒരു ദശലക്ഷം മെട്രിക് ടൺ എൽ എൻ ജി വിതരണം ചെയ്യുന്ന ദീർഘകാല കരാറിൽ അഡ്നോക് ഏർപ്പെട്ടു. അഡ്നോകിന്റെ ഏറ്റവും വലിയ എൽ എൻ ജി ഉപഭോക്താവായി ഇതോടെ ഇന്ത്യൻ ഓയിൽ മാറും. അൽ റുവൈസ് ഇൻഡസ്ട്രിയൽ സിറ്റിയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ലോവർ-കാർബൺ റുവൈസ് എൽ എൻ ജി പദ്ധതിയിൽ നിന്നാണ് വാതകം വിതരണം ചെയ്യുക. 2028-ൽ ഈ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Latest