Kerala
സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമണം; രണ്ട് പേര്‍ക്ക് പരുക്ക്
കള്ളിക്കാട് സ്വദേശികളായ സജീവ് കുമാര്‍, ചന്ദ്രന്‍ എന്നിവരാണ് കാട്ടുപോത്ത് ആക്രമണത്തിന് ഇരയായത്.
തിരുവനന്തപുരം| സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമണം. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാര്‍, ചന്ദ്രന്‍ എന്നിവരാണ് കാട്ടുപോത്ത് ആക്രമണത്തിന് ഇരയായത്. കള്ളിക്കാട് വിയ കോണത്തുനിന്ന് കള്ളിക്കാട് ജംഗ്ഷനിലേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ റോഡില്‍നിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഒറ്റയാന്‍ കാട്ടുപോത്താണ് നാട്ടിലിറങ്ങി ആക്രമണം നടത്തിയത്.
പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കളെ ആക്രമിച്ച ശേഷം കാത്തുപോത്ത് നെയ്യാര്‍ കനാല്‍ കടന്ന് ജയില്‍ കോമ്പൗണ്ടിലേക്ക് കടന്നതായി നാട്ടുകാര്‍ പറഞ്ഞു. പോകുന്ന വഴിയിലും കാല്‍നട യാത്രക്കാരനായ ഒരാളിനെ കാത്തുപോത്ത് ആക്രമിക്കാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ജയില്‍ കോമ്പൗണ്ടിലെ റബ്ബര്‍ തോട്ടം കാടുകയറി കിടക്കുകയാണ്. അതുകൊണ്ട് വനത്തില്‍ നിന്ന് കാട്ടുപോത്ത് ഇവിടെ എത്തി സ്ഥിരമായി തമ്പടിച്ച് കിടക്കുന്നുണ്ട്. ജയില്‍ കോമ്പൗണ്ടില്‍ നിന്ന് കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തിയില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു.