International
ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഫലസ്തീനില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 109 ആയി.
ഗസ്സ സിറ്റി | ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. എഎഫ്പി, അല്‍ ജസീറ വാര്‍ത്താ ഏജന്‍സികളിലെ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. എഎഫ്പി വീഡിയോ സ്ട്രിംഗര്‍ മുസ്തഫ തുരിയ, അല്‍ ജസീറ ടെലിവിഷന്‍ നെറ്റ്വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകനായ ഹംസ വെയ്ല്‍ ദഹ്ദൂഹ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇസ്‌റാഈല്‍ മിസൈല്‍ പതിക്കുകയായിരുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 109 ആയി.
അല്‍ ജസീറയുടെ ഗസ്സ ബ്യൂറോ ചീഫ് വെയ്ല്‍ അല്‍ ദഹ്ദൂഹിന്റെ മകനാണ് ഹംസ വെയ്ല്‍ ദഹ്ദൂഹ്. 2023 ഒക്ടോബറില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വെയ്ല്‍ അല്‍ ദഹ്ദൂഹിയുടെ ഭാര്യയും മകളും മറ്റൊരു മകനും പേരക്കുട്ടിയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ദഹ്ദൂഹിന് പരുക്കേല്‍ക്കുകയും ചെയ്തു
അതേ സമയം സംഭവത്തെക്കുറിച്ച് ഇസ്‌റാഈല്‍ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. .
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്‌റാഈല്‍ -ഹമാസ് യുദ്ധം നിരവധി മാധ്യമപ്രവര്‍ത്തകരുടെ ജീവനെടുത്തു. ശനിയാഴ്ച വരെ 77 പത്രപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി കമ്മറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് (സിപിജെ) പറഞ്ഞു . രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 109 ആയി ഉയര്‍ന്നു