houti attack
സഊദി അറേബ്യയിലെ ജിസാനില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്വദേശിയും മറ്റൊരാള്‍ യെമന്‍ പൗരനുമാണ്
ജിസാന്‍ | സഊദി അറേബ്യയിലെ ജിസാനില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്വദേശിയും മറ്റൊരാള്‍ യെമന്‍ പൗരനുമാണ്.
ഹൂത്തീ കേന്ദ്രമായ സആദാ നഗരത്തില്‍ നിന്നാണ് ആക്രമണം നടത്തിയതെന്നും, ഇതിന് മറുപടിയായി സഖ്യ സേന ശക്തമായ വ്യോമാക്രമണം നടത്തിയതായും സഊദി സഖ്യസേന വക്താവ് അറിയിച്ചു. ജിസാനിലെ സാംത എന്ന പട്ടണത്തിലെ വര്‍ക്ക് ഷോപ്പിന് നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കട പൂര്‍ണ്ണമായും തകരുകയും നജ്റാന്‍ കേന്ദ്രമായി നടന്ന ആക്രമണത്തില്‍ ഒരു സിവിലിയന്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
യെമനിലെ അല്‍-മഹ്വിത്ത് ഗവര്‍ണറേറ്റില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന നാല് ആയുധപ്പുരകളും സഅദായിലെ ബാലിസ്റ്റിക് മിസൈലുകളും ആയുധങ്ങളും സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് പര്‍വത ഗുഹകളും നശിപ്പിച്ചതായി സഖ്യസേന അറിയിച്ചു. അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ നിരവധി രാജ്യങ്ങള്‍ അപലപിച്ചു.