Connect with us

Kerala

കോഴിക്കോട് കെട്ടിട നിര്‍മാണത്തിനിടെ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം; തൊഴില്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍

Published

|

Last Updated

തിരുവനന്തപുരം | കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ തൊഴില്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ലേബര്‍ കമ്മീഷണറോട് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചിരുന്നോ എന്ന് പ്രത്യേകം അന്വേഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ 304 എ, 308 വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.കെട്ടിട ഉടമയെയും, നിര്‍മ്മാണ കമ്പനി അധികൃതരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. നിലവില്‍ അഞ്ച് പേരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ കെട്ടിട നിര്‍മാണ തൊഴിലാളികളും തമിഴ്‌നാട് സ്വദേശികളുമായ കാര്‍ത്തിക് (22), സലീം (26) എന്നിവരാണ് മരിച്ചത്. തങ്കരാജ് (32), ഗണേഷ് (31), ജീവാനന്ദം (22) എന്നീ തൊഴിലാളികളാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ക്രെയിനുപയോഗിച്ച് സ്ഥാപിച്ച കോണ്‍ക്രീറ്റ് ബീം രണ്ടാം നിലയിലെ സ്ലാബിന് മുകളിലേക്ക് വീഴുകയായിരുന്നു.

Latest