Connect with us

Ongoing News

യു എ ഇക്കെതിരെ പ്രതിദിനം രണ്ട് ലക്ഷം സൈബര്‍ ആക്രമണങ്ങള്‍

മിക്കവയെയും തകര്‍ക്കുന്നുവെന്ന് അധികൃതര്‍

Published

|

Last Updated

ദുബൈ | യു എ ഇയില്‍ പ്രതിദിനം രണ്ട് ലക്ഷം സൈബര്‍ ആക്രമണങ്ങള്‍. അടിയന്തര സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇവയെ തകര്‍ക്കുന്നുണ്ടെന്ന് സൈബര്‍ സുരക്ഷാ കൗണ്‍സില്‍ അതോറിറ്റി അറിയിച്ചു. സൈബര്‍ സുരക്ഷാ വിഭാഗം സദാ ജാഗ്രത പുലര്‍ത്താറുണ്ട്. ആക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നു. ഹാക്കര്‍മാരെയും സൈബര്‍ ആക്രമണങ്ങളുടെ ഉത്ഭവത്തെയും തിരിച്ചറിയാറുണ്ട്. പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ ആക്രമണങ്ങള്‍ക്ക് വിധേയമാണ്. നിരവധി തന്ത്രപ്രധാന മേഖലകളെ ആക്രമണകാരികള്‍ ലക്ഷ്യംവെക്കാറുണ്ട്. ക്ഷുദ്രകരമായ റാന്‍സംവെയര്‍ ആക്രമണങ്ങളെ ദേശീയ സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ വിജയകരമായി തടയുന്നു. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ലോക്ക് ചെയ്യുന്ന ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. സമീപ കാലത്ത് നിര്‍മിത ബുദ്ധി, ഡീപ്ഫേക്ക് ഉപയോഗങ്ങളിലൂടെ ആക്രമണങ്ങള്‍ കുറേക്കൂടി ശക്തമാണ്. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളെയാണ് ലക്ഷ്യംവെക്കുന്നത്. ഡീപ്ഫേക്ക് സാങ്കേതികവിദ്യകള്‍, സോഷ്യല്‍ എന്‍ജിനീയറിംഗ്, റാന്‍സംവെയര്‍ പോലുള്ള മെച്ചപ്പെടുത്തിയ മാല്‍വെയര്‍ എന്നിവയുള്‍പ്പെടെ ഭീഷണികള്‍ വളരുന്ന പ്രവണത അതോറിറ്റി നിരീക്ഷിച്ചു.

ഫിഷിംഗ്, സോഷ്യല്‍ എന്‍ജിനീയറിംഗ് പോലുള്ള പരമ്പരാഗത ആക്രമണങ്ങള്‍ കുറഞ്ഞിട്ടില്ല. നൂതന എ ഐ പവാര്‍ഡ് സൈബര്‍ ആക്രമണങ്ങള്‍ ഗണ്യമായ വര്‍ധിച്ചു. ഭീഷണികള്‍ കൂടുതല്‍ സങ്കീര്‍ണവും കണ്ടെത്താന്‍ പ്രയാസകരമാകുന്നു. ഇത്തരം ക്ഷുദ്രകരമായ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നേടുന്നതിന് എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങളും സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത അതോറിറ്റി ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ മികച്ച രീതികള്‍ക്ക് അനുസൃതമായി യു എ ഇ ഡിജിറ്റല്‍ ഇടം ശക്തിപ്പെടുത്തുന്നതിനും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള എല്ലാ ദേശീയ ടാസ്‌ക് ഫോഴ്‌സുകളുടെയും പ്രതിബദ്ധത സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് അല്‍ കുവൈത്തി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന കാര്യക്ഷമതയും വേഗതയും ഉപയോഗിച്ച് സൈബര്‍ ഭീഷണികള്‍ കണ്ടെത്തുന്നതിനും ലഘൂകരിക്കുന്നതിനും യു എ ഇയുടെ നൂതന ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സുസജ്ജമാണെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ക്രിമിനല്‍ സംഘടനകളുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും കൈകളില്‍ സങ്കീര്‍ണമായ എ ഐ – പവര്‍ ഉപകരണങ്ങളുടെ ലഭ്യത വര്‍ധിച്ചു. ഇവയെ നേരിടാന്‍ തയ്യാറാകാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കൃത്യതയോടെയുള്ള ആക്രമണങ്ങളുണ്ടാകും.സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് തടയാന്‍ വ്യക്തിഗത ഡാറ്റ സംരക്ഷിക്കുകയും ഇ-മെയില്‍ ലിങ്കുകളുടെ ആധികാരികത പരിശോധിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു.

ഇലക്ട്രോണിക് ഉപകരണങ്ങളെ ബാധിക്കുന്ന ഒരു തരം ക്ഷുദ്ര സോഫ്റ്റ്്വെയറാണ് റാന്‍സംവെയര്‍.അവ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുകയും ലോക്ക് ചെയ്യുകയും ചെയ്യുന്നു. ഒരു നിശ്ചിത മോചനദ്രവ്യം നല്‍കിയാല്‍ മാത്രമേ പ്രവേശം പുനഃസ്ഥാപിക്കുകയുള്ളൂ. അത്തരം ആക്രമണങ്ങള്‍ക്ക് കാര്യമായ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ട്. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ക്ക് പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ നഷ്ടമുണ്ടാക്കുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest