Connect with us

Editorial

കേരളത്തിന് രണ്ട് മന്ത്രിമാര്‍; പക്ഷേ...

ഒരൊറ്റ മുസ്‌ലിം നാമധാരി പോലും ഇടം നേടാത്ത മന്ത്രിസഭ എന്ന സവിശേഷത കൂടിയുണ്ട് മൂന്നാം മോദി സര്‍ക്കാറിന്. നെഹ്‌റുവിന്റെ കാലം തൊട്ട് ഇന്ന് വരെയുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാറുകളിലും മുസ്‌ലിം പ്രാതിനിധ്യം ഉണ്ടായിരുന്നു. ഇത്തവണ ഘടകകക്ഷികളില്‍ നിന്ന് പോലും മന്ത്രിസഭയില്‍ ഒരു മുസ്‌ലിം പ്രതിനിധി ഇടംപിടിച്ചില്ല.

Published

|

Last Updated

മൂന്നാം മോദി സര്‍ക്കാറില്‍ കേരളത്തിന് രണ്ട് മന്ത്രിസ്ഥാനം അപ്രതീക്ഷിതമായിരുന്നു. കേരളത്തില്‍ നിന്ന് ആദ്യമായി ലോക്സഭയിലെത്തിയ ബി ജെ പി പ്രതിനിധി സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ഉറപ്പായിരുന്നെങ്കിലും അഡ്വ. ജോര്‍ജ് കുര്യന് മന്ത്രിപദവി നല്‍കിയത് ബി ജെ പി സംസ്ഥാന നേതൃത്വത്തെ പോലും അത്ഭുതപ്പെടുത്തിയ രാഷ്ട്രീയ നീക്കമായിരുന്നു. ഇതിനു പിന്നിലെ താത്പര്യം വ്യക്തമാണ്; ക്രിസ്ത്യന്‍ സമുദായത്തെ ബി ജെ പിയുമായി കൂടുതല്‍ അടുപ്പിക്കുകയും രണ്ട് വര്‍ഷത്തിനിടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ പാര്‍ട്ടിയെ നിര്‍ണായക ശക്തിയാക്കുകയും ചെയ്യുക.

മോദിയും അമിത് ഷായും വര്‍ഷങ്ങളായി കിണഞ്ഞു ശ്രമിച്ചിട്ടും സാധിക്കാത്ത കാര്യമാണ് സുരേഷ് ഗോപിയിലൂടെ തൃശൂരില്‍ ഇപ്പോള്‍ സാധ്യമായത്. ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയാണ് സുരേഷ്ഗോപിയുടെ മികച്ച വിജയത്തിനു പിന്നില്‍. തൃശൂര്‍ വിജയത്തിനു പുറമെ പതിനാറ് ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ട് വിഹിതം ഗണ്യമായി വര്‍ധിപ്പിക്കാനും ബി ജെ പിക്കായി. ക്രിസ്ത്യന്‍ വിഭാഗത്തെ ബി ജെ പിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ജോര്‍ജ് കുര്യന് സാധിക്കുമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വവും മോദിയും കണക്കുകൂട്ടുന്നു. നേരത്തേ ബി ജെ പി നടത്തിയ ഒരു രഹസ്യ സര്‍വേയില്‍ മോദിയുടെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടരാണ് കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിലെ 30 ശതമാനത്തോളം പേരെന്ന് കണ്ടെത്തിയിരുന്നു. ഈ അനുഭാവം പാര്‍ട്ടിയിലേക്ക് കൂടി പടര്‍ത്താന്‍ ജോര്‍ജ് കുര്യന് സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. മുമ്പ് അല്‍ഫോന്‍സ് കണ്ണന്താനത്തെ വെച്ച് ഈയൊരു പരീക്ഷണം നടത്തിയതാണ് പാര്‍ട്ടി. അത് വേണ്ടത്ര വിജയിച്ചില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു സംസ്ഥാനത്ത് ക്രിസ്ത്യന്‍ വോട്ടര്‍മാരെ കൈയിലെടുക്കാനുള്ള ബി ജെ പി നീക്കങ്ങള്‍. ഈസ്റ്റര്‍ ദിനത്തില്‍ ആശംസകളര്‍പ്പിക്കാനായി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാനത്തുടനീളം അരമനകളിലും ക്രിസ്ത്യന്‍ വീടുകളിലും സന്ദര്‍ശനം നടത്തിയത് ഇതിന്റെ ഭാഗമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തിലാണ് ഈ ‘സ്നേഹയാത്ര’ ആസൂത്രണം ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ തന്ത്രം ഫലം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ജോര്‍ജ് കുര്യനെ മന്ത്രിസഭയിലെടുക്കാനുള്ള തീരുമാനമുണ്ടായത്.

പാര്‍ട്ടിയുടെ താഴെത്തട്ട് മുതല്‍ പ്രവര്‍ത്തന രംഗത്തിറങ്ങുകയും പാര്‍ട്ടി സംസ്ഥാന-ദേശീയ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന ജോര്‍ജ് കുര്യന്‍ ബി ജെ പിയുടെ ന്യൂനപക്ഷ മുഖവും ക്രിസ്ത്യന്‍ നേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തുന്ന വ്യക്തിയുമാണ്. മറ്റു പലരെയും പോലെ കൂറുമാറി ബി ജെ പിയിലെത്തിയതല്ല അദ്ദേഹം. 1980ല്‍ വിദ്യാര്‍ഥി മോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് പദമേറ്റെടുത്താണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുതല്‍ ദേശീയ വൈസ് പ്രസിഡന്റ് വരെയുള്ള പദവികള്‍ വഹിച്ചു. നിലവില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ പദവിയും അലങ്കരിച്ചിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് കെ സി വേണുഗോപാല്‍ ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച സാഹചര്യത്തില്‍, അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കുന്ന ഒഴിവില്‍ രാജസ്ഥാനില്‍ നിന്ന് ജോര്‍ജ് കുര്യനെ രാജ്യസഭയിലെത്തിക്കാനാണ് ബി ജെ പി തീരുമാനമെന്നറിയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത ബി ജെ പിയുടെ നിയമസഭയിലെ അംഗസംഖ്യ കണക്കിലെടുക്കുമ്പോള്‍ ജോര്‍ജ് കുര്യനെ നിഷ്പ്രയാസം രാജ്യസഭയിലെത്തിക്കാനാകും പാര്‍ട്ടിക്ക്.

ഒരൊറ്റ മുസ്ലിം നാമധാരി പോലും ഇടം നേടാത്ത മന്ത്രിസഭ എന്ന സവിശേഷത കൂടിയുണ്ട് മൂന്നാം മോദി സര്‍ക്കാറിന്. നെഹ്റുവിന്റെ കാലം തൊട്ട് ഇന്ന് വരെയുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാറുകളിലും (വാജ്പയി സര്‍ക്കാര്‍, ഒന്നും രണ്ടും മോദി സര്‍ക്കാറുകളിലടക്കം) മുസ്ലിം പ്രാതിനിധ്യം ഉണ്ടായിരുന്നു. വാജ്പയ് തന്റെ മന്ത്രിസഭയില്‍ സിക്കന്തര്‍ ഭക്ത്, ഷാനവാസ് ഹുസൈന്‍ എന്നിവര്‍ക്ക് ഇടം നല്‍കി. ഒന്നാം മോദി സര്‍ക്കാറില്‍ നജ്മ ഹിബത്തുല്ലയും മുഖ്താര്‍ അബ്ബാസ് നഖ്വിയും മന്ത്രിമാരായി നിയോഗിക്കപ്പെട്ടു. രണ്ടാം ഊഴത്തിലും മോദി മുഖ്താര്‍ അബ്ബാസ് നഖ്വിയെ പരിഗണിക്കുകയും 2022 വരെ അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ ഇടംപിടിക്കുകയും ചെയ്തു. ന്യൂനപക്ഷം, പാര്‍ലിമെന്ററി കാര്യം തുടങ്ങിയ വകുപ്പുകളില്‍ ക്യാബിനറ്റ് മന്ത്രിയായും സഹമന്ത്രിയായും സേവനമനുഷ്ഠിച്ച മുഖ്താര്‍ അബ്ബാസ് നഖ്വി 2022 ജൂലൈ ഏഴിന് രാജ്യസഭാ കാലാവധി അവസാനിച്ചതോടെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയായിരുന്നു. ഇത്തവണ ഘടകകക്ഷികളില്‍ നിന്ന് പോലും മന്ത്രിസഭയില്‍ ഒരു മുസ്ലിം പ്രതിനിധി ഇടംപിടിച്ചില്ല. ഇന്തോനേഷ്യയും പാകിസ്താനും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രാജ്യമാണ് ഇന്ത്യ. 20 കോടിയിലേറെ അഥവാ ജനസംഖ്യയുടെ 16 ശതമാനം വരും രാജ്യത്ത് മുസ്ലിംകള്‍.

മന്ത്രിസഭയില്‍ മാത്രമല്ല, എന്‍ ഡി എ. എം പിമാരിലും മുസ്ലിം പ്രാതിനിധ്യമില്ല നിലവില്‍. രാജ്യസഭയിലുമില്ല. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മുഖ്താര്‍ അബ്ബാസ് നഖ്വി, പാര്‍ട്ടി ദേശീയ വക്താവായിരുന്ന സെയ്ദ് സഫര്‍ ആലം, മാധ്യമ പ്രവര്‍ത്തകനായ എം ജെ അക്ബര്‍ എന്നീ മൂന്ന് എം പിമാരുണ്ടായിരുന്നു ബി ജെ പിക്ക് രാജ്യസഭയില്‍. അക്ബറിന് 2018ല്‍ പീഡന കേസില്‍ രാജിവെക്കേണ്ടി വന്നു. രാജ്യസഭാ കാലാവധി കഴിഞ്ഞതോടെ മറ്റ് രണ്ട് പേരും പടിയിറങ്ങി. പിന്നീട് രാജ്യസഭയിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്നാരെയും പരിഗണിച്ചിട്ടില്ല പാര്‍ട്ടി. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലുടനീളം മോദിയും ഷായും പാര്‍ട്ടി നേതാക്കളും അഴിച്ചുവിട്ട കൊടിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുമായി ചേര്‍ത്തു വായിക്കാവുന്നതാണ് ഈ മുസ്ലിം പ്രാതിനിധ്യമില്ലായ്മയെ.

 

Latest