Connect with us

Kannur

പട്ടാപകൽ ബസ് സ്റ്റാൻഡിൽ നിന്ന് തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ

പരാതിക്കാരനെ ബസിൽ പിന്തുടർന്ന് തട്ടിക്കൊണ്ടുപോയി കവർന്നത് 3.92 ലക്ഷം

Published

|

Last Updated

കല്‍പ്പറ്റ | പട്ടാപകല്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങൾ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേരെ കല്‍പ്പറ്റ പോലീസ് പിടികൂടി.  എട്ടു പ്രതികളടങ്ങിയ സംഘത്തിലെ മൂന്നാം പ്രതി മമ്പറം കൊളാലൂര്‍ കുളിച്ചാല്‍ വീട്ടില്‍ നിധിന്‍ (33), എട്ടാം പ്രതി കൂത്തുപറമ്പ്, എരിവട്ടി സീമ നിവാസില്‍ ദേവദാസ് (46) എന്നിവരെയാണ് കണ്ണൂരില്‍ വെച്ച് പിടികൂടിയത്.

ജനുവരി 28ന് കല്‍പ്പറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും യുവാവിനെ കാറില്‍ തട്ടികൊണ്ടു പോയി. തുടർന്ന്, ഇയാളിൽ നിന്ന് 3,92,000 രൂപ കവര്‍ന്ന ശേഷം വെങ്ങപ്പള്ളിയില്‍ ഇറക്കിവിട്ടെന്നായിരുന്നു പരാതി. കവര്‍ച്ചാ സംഘം സഞ്ചരിച്ച കാര്‍ പിന്നീട് മാനന്തവാടിയില്‍ ബസ്സിനും ക്രയിനിനും ഇടിക്കുകയും പ്രതികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.

കൊടുവള്ളിയില്‍ നിന്നും ബസില്‍ കയറിയ പരാതിക്കാരനെ മൂന്നാം പ്രതി നിധിന്‍ പിന്തുടരുകയും കല്‍പ്പറ്റയില്‍ ബസിറങ്ങിയ സമയം പിന്നാലെ കാറില്‍ വന്ന മറ്റ് പ്രതികളുടെ സഹായത്തോടെ ഇയാളെ കാറില്‍ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. എട്ടാം പ്രതിയായ ദേവദാസ് പ്രതികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തി ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.

കല്‍പ്പറ്റ എ എസ്. പി തപോഷ് ബസുമതാരി ഐ പി എസിൻ്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ പോലീസ് ഇന്‍സ്‌പെക്ടര്‍ പി എല്‍ ഷൈജു, സബ് ഇന്‍സ്‌പെക്ടര്‍ ബിജു ആൻ്റണി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കണ്ണൂര്‍ സ്വദേശികളായ പ്രതികളെ പിടികൂടിയത്.

Latest