National
ആകാശത്ത് രണ്ട് വിമാനങ്ങൾ നേർക്കുനേർ; ബംഗളൂരുവിൽ ഒഴിവായത് വൻ ദുരന്തം
ഇന്‍ഡിഗോ എയറിന്റെ ബംഗളൂരു - കൊല്‍ക്കത്ത വിമാനവും ബംഗളൂരു - ഭുവനേശ്വര്‍ വിമാനവുമാണ് ആകാശത്ത് നേര്‍ക്കുനേര്‍ വന്നത്.
ന്യൂഡല്‍ഹി | ബംഗളൂരു വിമാനത്താവളത്തില്‍ വന്‍ ദുരന്തം തലനാരിഴക്ക് വഴിമാറി. രക്ഷപ്പെട്ടത് നാന്നൂറിലധികം ജീവനുകള്‍. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ രണ്ട് ഇന്‍ഡിഗോ എയര്‍ വിമാനങ്ങള്‍ ആകാശത്തുവെച്ച് നേര്‍ക്കുനേര്‍ വരികയായിരുന്നു. റഡാര്‍ കണ്‍ട്രോളറുടെ അവസരോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. ജനുവരി ഒന്‍പതിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.
ഇന്‍ഡിഗോ എയറിന്റെ ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുന്ന 6E 455, ബെംഗളൂരുവിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകുന്ന 6E 246 വിമാനങ്ങളാണ് ആകാശത്ത് നേര്‍ക്കുനേര്‍ വന്നത്. രണ്ട് വിമാനങ്ങളിലുമായി 426 യാത്രക്കാരുണ്ടായിരുന്നു. അഞ്ച് മിനുട്ട് വ്യത്യാസത്തിലാണ് ഈ രണ്ട് വിമാനങ്ങളും പറന്നുയര്‍ന്നത്. വിമാനങ്ങള്‍ നിശ്ചിത അകലം പാലിക്കണമെന്ന നിബന്ധന ലംഘിക്കപ്പെട്ടതാണ് ദുരന്തത്തിന്റെ വക്കിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, വലിയ അപകടം തലനാരിഴക്ക് ഒഴിവായത് ലോഗ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എയര്‍പോര്‍ട്ട് അതോറിറ്റിയും വിവരമറിയിച്ചിട്ടില്ല. സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.സി.എ മേധാവി അരുണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.