Connect with us

International

35,000 അടി ഉയരെ കൂട്ടിയിടിയില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

ഇതോടെ ലങ്കന്‍ പൈലറ്റിന്റെ ജാഗ്രത ബോധ്യപ്പെടുകയായിരുന്നു.

Published

|

Last Updated

കൊളംബോ | ശ്രീലങ്കന്‍ എര്‍ലൈന്‍സിന്റെയും ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. തുര്‍ക്കി വ്യോമാതിര്‍ത്തിയിലായിരുന്നു സംഭവം. ലണ്ടനില്‍ നിന്ന് കൊളംബോയിലേക്കുള്ള ലങ്കന്‍ വിമാനത്തിലെ പൈലറ്റുമാരുടെ ജാഗ്രതയും ആശയവിനിമയവുമാണ് വന്‍ ആകാശ ദുരന്തത്തില്‍ നിന്ന് രക്ഷയേകിയത്. ജൂണ്‍ 13നായിരുന്നു സംഭവം.

ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ യു എല്‍ 504 എന്ന വിമാനം തുര്‍ക്കി ആകാശപാതയില്‍ പ്രവേശിച്ചയുടനെ 33,000 അടിയില്‍ നിന്ന് 35,000 അടിയിലേക്ക് പറന്നുയരാന്‍ പൈലറ്റുമാര്‍ക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു. തൊട്ടുടനെ വെറും 15 മൈല്‍ അകലെ ബ്രിട്ടീഷ് വിമാനം 35,000 അടി ഉയരെ പറക്കുന്നുണ്ടെന്ന് ലങ്കന്‍ വിമാനത്തിലെ പൈലറ്റ് മനസ്സിലാക്കി.

ഉടനെ ഇക്കാര്യം തുര്‍ക്കിയിലെ അങ്കാറ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചു. അങ്കാറ ട്രാഫിക് കണ്‍ട്രോള്‍ രണ്ട് തവണ 35,000 അടിയിലേക്ക് പറക്കാന്‍ നിര്‍ദേശിച്ചെങ്കിലും ലങ്കന്‍ പൈലറ്റ് നിരസിച്ചു. മിനുട്ടുകള്‍ക്കുള്ളില്‍ 35,000 അടിയില്‍ മറ്റൊരു വിമാനമുണ്ടെന്നും ഉയരത്തിലേക്ക് പറക്കരുതെന്നും അങ്കാറ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് അറിയിപ്പ് ലഭിച്ചു. ഇതോടെ ലങ്കന്‍ പൈലറ്റിന്റെ ജാഗ്രത ബോധ്യപ്പെടുകയായിരുന്നു. ദുബൈയിലേക്കുള്ള ബ്രിട്ടീഷ് വിമാനത്തില്‍ 250 പേരും ലങ്കന്‍ വിമാനത്തില്‍ 275 യാത്രക്കാരുമാണുണ്ടായിരുന്നത്.

Latest