Kerala
റഷ്യയിലേക്ക് മനുഷ്യരെ കടത്തിയ കേസ്: രണ്ട് തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍
കഠിനംകുളത്തെ അരുണ്‍, പ്രിയന്‍ എന്നിവരാണ് പിടിയിലായത്. ഡല്‍ഹി സി ബി ഐ യൂണിറ്റ് ആണ് ഇവരെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം | റഷ്യയിലേക്ക് മനുഷ്യരെ കടത്തിയ കേസില്‍ രണ്ട് തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍. കഠിനംകുളത്തെ അരുണ്‍, പ്രിയന്‍ എന്നിവരാണ് പിടിയിലായത്. ഡല്‍ഹി സി ബി ഐ യൂണിറ്റ് ആണ് ഇവരെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. റഷ്യന്‍ യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യന്‍ മലയാളി അലക്‌സിന്റെ മുഖ്യ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നവരാണ് ഇവര്‍.
വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സി തെറ്റിദ്ധരിപ്പിച്ചാണ് തിരുവനന്തപുരം സ്വദേശികളെ റഷ്യയിലെ യുദ്ധമുഖത്ത് എത്തിച്ചത്. തുമ്പ സ്വദേശിയായ പ്രിയന്‍ അലക്‌സിന്റെ ബന്ധുവാണ്. റഷ്യയിലേക്ക് പോകുന്നതിന് മുമ്പ് ആറു ലക്ഷത്തോളം രൂപ പ്രിയന്‍ ആണ് കൈപ്പറ്റിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കിയതും പ്രിയന്‍ ആണ്. പ്രിയനെതിരെ റഷ്യയില്‍ നിന്നും നാട്ടിലെത്തിയവര്‍ സി ബി ഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിന്‍സ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിന്‍സിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
തിരുവനന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂര്‍ സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യന്‍, ഡേവിഡ് മുത്തപ്പന്‍ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാര്‍ കൊണ്ടുപോയത്. വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടാണ് ഏജന്‍സിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ഡല്‍ഹിയിലെത്തി. പിന്നിട് അവിടെ നിന്നും റഷ്യയിലേക്ക് കൊണ്ടുപോവുകയും പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.