Connect with us

Kerala

കൊയിലാണ്ടിയില്‍ ആനകള്‍ ഇടഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ഇടഞ്ഞത് ക്ഷേത്രോത്സവത്തില്‍ നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ

Published

|

Last Updated

കോഴിക്കോട് | കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ രണ്ട് ആനകള്‍ ഇടഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു. കുറവങ്ങാട് സ്വദേശിനികളായ ലീല (85), അമ്മുക്കുട്ടി (85) എന്നിവരാണ് മരിച്ചത്. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. രണ്ട് ആനകളെയും പാപ്പാന്മാര്‍ എത്തി ഉടന്‍ തളച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വൈകിട്ട് ആറ് മണിയോടെ ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഉഗ്ര ശബ്ദത്തിലായിരുന്നു കരിമരുന്ന് പ്രയോഗം. ഇതോടെ ഒരു ആന ഇടഞ്ഞു. ഇടഞ്ഞ ആന തൊട്ടടുത്ത് നിന്ന മറ്റൊരു ആനയെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞോടി. കരിമരുന്ന് പ്രയോഗത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ഓടുകളും ഇളകി വീണിരുന്നു.

ആന ഇടഞ്ഞതോടെ ഭയന്നോടിയവരില്‍ പലരും നിലത്ത് വീണു. സമീപത്തെ കെട്ടിടത്തിന് കേടുപാടുണ്ടാക്കിയ ആനകൾ, വൃക്ഷങ്ങളും പിഴുതെറിഞ്ഞു. പരുക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണെത്തിച്ചത്. നില ഗുരുതരമായവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Latest