koodathai case
'കൂടത്തായി' പുറംലോകമറിഞ്ഞിട്ട് രണ്ട് വർഷം; ഇനിയും ഉത്തരമില്ലാതെ നിരവധി ചോദ്യങ്ങൾ
വിവാഹത്തിനും സ്വത്തിനും മാത്രമാണ് ക്രൂരതയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പോലും വിശ്വസിക്കുന്നില്ല
താമരശ്ശേരി | നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലപാതക പരമ്പര പുറംലോകമറിഞ്ഞിട്ട് രണ്ട് വർഷമാകുമ്പോഴും ഉത്തരമില്ലാതെ നിരവധി ചോദ്യങ്ങൾ. ഭർത്താവിനെ ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേരെ ക്രൂരമായി കൊലപ്പെടുത്താൻ കേസിലെ മുഖ്യപ്രതിയായ ജോളിയമ്മ ജോസഫ് എന്ന ജോളി(47)യെ പ്രേരിപ്പിച്ച ഘടകം എന്തെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല.
പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ അന്നമ്മ (57), മകൻ റോയി തോമസ്(40), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ(68), ടോം തോമസിന്റെ സഹോദരൻ സകറിയ്യയുടെ മകൻ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ ഒരു വയസ്സ് പ്രായമുള്ള മകൾ ആൽഫൈൻ എന്നിവരെയാണ് ജോളി കൊലപ്പെടുത്തിയത്. 14 വർഷത്തിനിടെയാണ് സമാന രീതിയിൽ ആറ് പേരേയും കൊലപ്പെടുത്തിയത്. സംഭവത്തിൽ ജോളിയെ കൂടാതെ അന്നമ്മയുടെ സഹോദരന്റെ മകൻ പുതുപ്പാടി കാക്കവയൽ മഞ്ചാടിയിൽ എം എസ് മാത്യു (44), താമരശ്ശേരി പള്ളിപ്പുറം മുള്ളമ്പലത്തിൽ പൊയിലിങ്കൽ പ്രജികുമാർ(48) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ജ്വല്ലറി ജീവനക്കാരനായ മാത്യുവാണ് ആഭരണ നിർമാണ തൊഴിലാളിയായ പ്രജികുമാറിൽ നിന്ന് സയനൈഡ് വാങ്ങി നൽകിയതെന്നാണ് ജോളി മൊഴി നൽകിയത്. ഇതേ തുടർന്നാണ് ഇരുവരേയും കേസിൽ ഉൾപ്പെടുത്തിയത്. ജോളിക്ക് കൂടുതൽ ആളുകളുടെ സഹായവും പിന്തുണയും ലഭിച്ചതായി നാട്ടുകാരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ആരോപിച്ചിരുന്നുവെങ്കിലും അന്വേഷണം അങ്ങോട്ടൊന്നും നീങ്ങിയില്ല.
ഷാജുവിന്റെ ഭാര്യ സിലിയാണ് അവസാനമായി കൊല്ലപ്പെട്ടത്. തുടർന്ന് ഷാജുവും ജോളിയും തമ്മിൽ വിവാഹിതരാകുകയും ചെയ്തു. ഷാജുവിനെ വിവാഹം കഴിക്കാനോ സ്വത്തുക്കൾ തട്ടിയെടുക്കാനോ മാത്രമാണ് ജോളി ഈ ക്രൂരത ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പോലും വിശ്വസിക്കുന്നില്ല. കേട്ടു കേൾവിയില്ലാത്ത ഈ അരുംകൊലക്ക് ജോളിയെ പ്രേരിപ്പിച്ചതിന് പിന്നിലെ ദുരൂഹതകൾ സംബന്ധിച്ച് അന്വേഷണം നടന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഷാജുവിനെയും പിതാവ് സകറിയ്യയെയും അന്വേഷണ സംഘം പല തവണ ചോദ്യം ചെയ്തിരുന്നു. ഇവർ ജോളിയെ സഹായിച്ചെന്ന നിഗമനത്തിലായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. സ്വത്ത് കൈക്കലാക്കാനാണ് കൊലപാതകമെങ്കിൽ അന്നമ്മയുടെ സഹോദരനെയും ഷാജുവിന്റെ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തേണ്ടതില്ല. ഭാര്യ മരിച്ച് ഒരു വർഷത്തിനിടെയാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. ഇതിന് പിന്നിലെല്ലാം ഒളിഞ്ഞിരിക്കുന്ന നിഗൂഢതകളിലേക്ക് അന്വേഷണം എത്തിയില്ലെന്നാണ് ആരോപണം. എൻ ഐ ടി ലക്ചറർ എന്നു പറഞ്ഞ് ജോളി തന്നെ കബളിപ്പിച്ചുവെന്നും പോലീസ് ചോദ്യം ചെയ്യൽ ആരംഭിച്ചപ്പോൾ മാത്രമാണ് സത്യം അറിഞ്ഞതെന്നും ഷാജു പറഞ്ഞിരുന്നു. എന്നാൽ ജോളിയുടെ യഥാർഥ ജോലി എന്താണെന്ന ചോദ്യത്തിന് ഷാജുവിന് ഉത്തരം ഉണ്ടായിരുന്നില്ല. ജോളിക്ക് അവളുടേതായ സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു പ്രതികരണം. ഭർത്താവ് എന്ന നിലയിൽ ജോളിയുടെ ജോലി എന്താണെന്ന് അന്വേഷിച്ചില്ലേ എന്ന ചോദ്യത്തിനും ഷാജുവിന് ഉത്തരമുണ്ടായിരുന്നില്ല.
എല്ലാ ദിവസവും രാവിലെ കാറുമായി പുറത്തിറങ്ങി വൈകിട്ട് തിരിച്ചെത്തുന്ന ജോളിയുടെ യഥാർഥ ജോലി എന്തായിരുന്നുവെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. ജോലിയും വരുമാനവുമില്ലാതെ ആർഭാട ജീവിതം നയിക്കാൻ എവിടെ നിന്ന് പണം ലഭിക്കുന്നുവെന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിലേക്ക് അന്വേഷണം എത്തുമെന്ന ഘട്ടം വന്നിരുന്നുവെങ്കിലും പിന്നീട് ബാഹ്യ ഇടപെടൽ ഉണ്ടായെന്നാണ് ആരോപണം. പല ഉന്നതരുമായും ജോളിക്ക് ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം സാധൂകരിക്കുന്ന രീതിയിലാണ് പിന്നീട് അന്വേഷണം വഴിമാറിയത്.
റോയിയുടെ മരണത്തിൽ സംശയം തോന്നിയ സഹോദരൻ റോജോ തോമസിന്റെ പരാതി പ്രകാരം മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് തുടരന്വേഷണം ഉണ്ടായില്ല. ജോളി ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് കോടഞ്ചേരി പോലീസ് കേസ് അവസാനിപ്പിച്ചത്. ആത്മഹത്യയാണെന്നും ഇത് പുറത്തറിഞ്ഞാൽ കുടുംബത്തിന് മാനക്കേടാണെന്നുമായിരുന്നു ഇതിന് കാരണമായി ബന്ധുക്കൾ പറഞ്ഞത്.
ടോം തോമസിന്റെ സ്വത്തുക്കൾ ജോളിയുടെ പേരിലേക്ക് മാറ്റിയത് സംശയത്തിനിടയാക്കി
ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കൾ വ്യാജ ഒസ്യത്ത് ഉപയോഗിച്ച് ജോളിയുടെ പേരിലേക്ക് മാറ്റിയതോടെയാണ് മരണങ്ങളിൽ കൂടുതൽ സംശയം ഉടലെടുത്തത്. തുടർന്ന് റോജോ തോമസാണ് മരണങ്ങളിൽ സംശയമുള്ളതായി കാണിച്ച് പരാതി നൽകിയത്. താമരശ്ശേരി ഡി വൈ എസ് പിക്കും റൂറൽ എസ് പിക്കും നൽകിയ പരാതിയിൽ പ്രത്യേകം അന്വേഷണങ്ങൾ നടന്നു. മരണങ്ങളിൽ സംശയമില്ലെന്നായിരുന്നു ഡി വൈ എസ് പിയുടെ കണ്ടെത്തൽ.
ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം പുറത്തറിഞ്ഞത്. ഇതോടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം തടയാനും ശ്രമം നടന്നു. ശവക്കല്ലറ പൊളിക്കുന്നത് കുടുംബത്തിന് മാനക്കേടുണ്ടാക്കുമെന്നായിരുന്നു ആദ്യം കൂടത്തായി ലൂർദ് മാതാ ചർച്ച് വികാരി അന്വേഷണ സംഘത്തെ അറിയിച്ചത്. എന്നാൽ അന്വേഷണ സംഘം നിലപാടിൽ ഉറച്ച് നിന്നതോടെ പള്ളി അധികൃതർ മുട്ടുമടക്കി. 2019 ഒക്‌ടോബർ നാലിന് ശവക്കല്ലറകൾ തുറന്ന് പരിശോധിക്കുകയും പിറ്റേ ദിവസം ജോളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വ്യക്തമായ തെളിവുകളാണ് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ജോളിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല.