From the print
ഇറാഖിലും സിറിയയിലും യു എസ് ആക്രമണം സംഘർഷം പടരുന്നു
ആക്രമണം ഇറാൻ പിന്തുണയുള്ള കേന്ദ്രങ്ങളിൽ • 40 മരണം
വാഷിംഗ്ടൺ/ ബഗ്‌ദാദ് | ജോർദാനിലെ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ തിരിച്ചടിച്ച് യു എസ്. ഇറാന്റെ റവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള (ഐ ആർ ജി സി) ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങൾക്ക് നേരെയാണ് യു എസ് വ്യോമാക്രമണം നടത്തിയത്. 85 കേന്ദ്രങ്ങളിൽ നടന്ന ആക്രമണത്തിൽ നാൽപ്പതോളം പേർ കൊല്ലപ്പെട്ടതായാണ് വിവരം.
കഴിഞ്ഞ ഞായറാഴ്ചയാണ് സിറിയ അതിർത്തിക്ക് സമീപം വടക്കൻ ജോർദാനിലെ റുക്ബാനിലെ ടവർ 22 യു എസ് സൈനിക താവളത്തിന് നേർക്ക് ഡ്രോൺ ആക്രമണമുണ്ടായത്. മൂന്ന് അമേരിക്കൻ സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങളുടെ കൂട്ടായ്മയായ ഇസ്‌ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ് ആണ് ആക്രമണം നടത്തിയതെന്നായിരുന്നു യു എസ് ആരോപണം. സംഭവത്തിൽ ഉത്തരവാദിത്വമില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയത്.
യു എസ് ആക്രമണത്തിൽ സായുധ സംഘങ്ങളിലെ അംഗങ്ങൾ ഉൾപ്പെടെ 16 പേർ ഇറാഖിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം. 23 പേരാണ് സിറിയയിൽ കൊല്ലപ്പെട്ടത്. സായുധ സംഘങ്ങളുടെ ഓപറേഷൻ സെന്ററുകൾ, ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ദീർഘദൂര ബി1 ബോംബർ ഉൾപ്പെടെ ഉപയോഗിച്ചാണ് പ്രത്യാക്രമണം നടത്തിയത്. എന്നാൽ, ഇറാൻ അതിർത്തിക്കുള്ളിൽ യു എസ് ആക്രമണം നടത്തിയില്ല.
തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളിൽ ആക്രമണം നടന്നതായി യു എസ് പ്രസിഡന്റ് ജോ ബൈഡൻ സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.
പശ്ചിമേഷ്യയിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ യു എസ് സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും മുറിവേൽപ്പിക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണം യു എസ് നടത്തിയേക്കുമെന്നാണ് സൂചന. പ്രത്യാക്രമണം ഉണ്ടാകുമെന്ന് യു എസ് മനസ്സിലാക്കണമെന്ന മുന്നറിയിപ്പുമായി ഇറാഖിൽ ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ സംഘങ്ങളിലൊന്നായ ഹർകത്ത് അൽ നുജാബ വക്താവ് മുന്നറിയിപ്പ് നൽകി. ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ നടത്തിയ ആക്രമണം ഇതോടെ മേഖലയിൽ കൂടുതൽ രൂക്ഷമാകും.