Connect with us

Ongoing News

യു എ ഇയുടെ ആദ്യ റഡാര്‍ ഇമേജിംഗ് ഉപഗ്രഹം വിക്ഷേപിച്ചു

ബയാനത്തിന്റെയും യഹ്‌സാറ്റിന്റെയും സംയുക്ത സംരംഭമാണിത്.

Published

|

Last Updated

ദുബൈ | യു എ ഇയുടെ ആദ്യ റഡാര്‍ ഇമേജിംഗ് ഉപഗ്രഹം വിക്ഷേപിച്ചു. ഭൂമിയുടെ മിഴിവുള്ള ചിത്രങ്ങള്‍ എടുക്കുന്നതിനായി നിര്‍മിച്ച കാമറയുള്ളതാണ് ഉപഗ്രഹം. ബയാനത്തിന്റെയും യഹ്‌സാറ്റിന്റെയും സംയുക്ത സംരംഭമാണിത്. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് ബഹിരാകാശ സേനാ താവളത്തില്‍ നിന്ന് ഒരു സ്‌പേസ് എക്‌സ് റോക്കറ്റ്, സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (എസ് എ ആര്‍) ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോയി.

അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന രണ്ട് കമ്പനികളും 410 കോടി ഡോളറിന്റെ നിര്‍മിത ബുദ്ധി അധിഷ്ഠിത ‘ടെക്‌നോളജി ബിസിനസ്സ് സ്‌പേസ് 42’ എന്ന പേരില്‍ ലയിക്കാന്‍ തയ്യാറെടുക്കുന്ന സമയത്താണ് ഈ സംരംഭം.

‘മൂന്ന് വര്‍ഷത്തിനുള്ളില്‍ എസ് എ ആര്‍ സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന്‍, ജിയോസ്റ്റേഷനറി ഓര്‍ബിറ്റ്, ലോ-എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റ് എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ബഹുതല -ഓര്‍ബിറ്റ് സാറ്റലൈറ്റ് ഓപ്പറേറ്ററായി വികസിക്കാന്‍ ഈ നീക്കം പ്രാപ്തമാക്കും. അതേസമയം, യു എ ഇയില്‍ ഉപഗ്രഹ നിര്‍മാണ ശേഷി വികസിക്കുകയും ചെയ്യും.’- യഹ്‌സാറ്റ് സി ഇ ഒ. അലി അല്‍ ഹാശ്മി പറഞ്ഞു. കാലാവസ്ഥാ വ്യത്യാസമില്ലാതെ രാവും പകലും ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഉപഗ്രഹം വികസിപ്പിച്ചെടുക്കാന്‍ യൂറോപ്യന്‍ കമ്പനിയായ ഐസ് വേ യുമായി ഇരു കമ്പനികളും കൈകോര്‍ത്തിരുന്നു. ഭൂമിയുടെ ഉപരിതലത്തെ പ്രകാശിപ്പിക്കുകയും ഉയര്‍ന്ന മിഴിവുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിന് സിഗ്നല്‍ അളക്കുകയും ചെയ്യുന്ന ഒരു സെന്‍സിംഗ് സംവിധാനമുണ്ട് ഉപഗ്രഹത്തിന്.

‘യു എ ഇക്ക് വേണ്ടിയുള്ള വളരെ പ്രതീക്ഷിത നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയില്‍ നിലവിലുള്ള ഞങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തും.’ ബയാനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഹസന്‍ അല്‍ ഹുസാനി പറഞ്ഞു.

 

Latest