Connect with us

Business

യു എ ഇയുടെ വണ്‍ ബില്യണ്‍ മീല്‍സ് സംരംഭം; രണ്ടു കോടി രൂപ നല്‍കി ഡോ. ഷംഷീര്‍ വയലില്‍

Published

|

Last Updated

ദുബൈ | യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ‘വണ്‍ ബില്യണ്‍ ഭക്ഷണപ്പൊതി’ സംരംഭത്തിനായി 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്ത് വി പി എസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍. ഇതിലൂടെ വിവിധ രാജ്യങ്ങളിലെ പാവപ്പെട്ട ലക്ഷക്കണക്കിന് പേര്‍ക്ക് ഭക്ഷണമെത്തിക്കാനാവും.

പോഷകാഹാരക്കുറവുള്ളവര്‍ക്ക് സഹായവും ആശ്വാസവും നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന സംരംഭത്തിന് സംഭാവന നല്‍കുന്നതില്‍ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. പട്ടിണിക്കെതിരായ ആഗോള പോരാട്ടത്തെ പിന്തുണ്ക്കുന്നതും യു എ ഇയുടെ മൂല്യങ്ങളെയും അതിന്റെ നേതൃത്വത്തെയും പ്രതിനിധീകരിക്കുന്നതുമാണ് ഈ സംരംഭം. മാനുഷിക പ്രവര്‍ത്തനത്തിന്റെ വ്യാപ്തി വിപുലീകരിക്കുന്ന ഇടപെടലിലൂടെ കുട്ടികള്‍, അഭയാര്‍ഥികള്‍, കുടിയിറക്കപ്പെട്ടവര്‍, ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഇരകള്‍ എന്നിവരടക്കമുള്ളവര്‍ക്ക് സഹായം എത്തിക്കാനാകും. എന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ വി പി എസ് ഹെല്‍ത്ത്‌കെയര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഷംഷീര്‍ വയലില്‍ പറഞ്ഞു.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് (എം ബി ആര്‍ ജി ഐ) സംഘടിപ്പിക്കുന്ന സംരംഭം. കഴിഞ്ഞ വര്‍ഷത്തെ ‘100 മില്യണ്‍ മീല്‍സ്’ കാമ്പയിനിന്റെ തുടര്‍ച്ചയാണിത്. 220 ദശലക്ഷം ഭക്ഷണപ്പൊതികളാണ് മുന്‍ വര്‍ഷം വിതരണം ചെയ്യാനായത്. മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് ഒരു ബില്യണ്‍ (100 കോടി) ഭക്ഷണപ്പൊതികള്‍ എന്ന പുതിയ ലക്ഷ്യം.

സംഭാവന നല്‍കേണ്ടത് എങ്ങനെ?
ഒരു ബില്യണ്‍ മീല്‍സ് സംരംഭത്തിലേക്ക് നാല് മാര്‍ഗങ്ങളിലൂടെ ദാതാക്കള്‍ക്ക് സംഭാവന നല്‍കാം: കാമ്പയിനിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക: www.1billionmeals.ae എമിറേറ്റ്‌സ് NBD-യിലെ കാമ്പെയ്നിന്റെ അക്കൗണ്ടിലേക്ക് സംഭാവന ബേങ്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. നമ്പര്‍: AE300260001015333439802. ഡ്യൂ നെറ്റ്വര്‍ക്കില്‍ 1020 എന്ന നമ്പറിലേക്കോ എത്തിസലാത്ത് നെറ്റ്വര്‍ക്കില്‍ 1110 എന്ന നമ്പറിലേക്കോ ‘മീല്‍’ എന്ന് SMS അയച്ചുകൊണ്ട് പ്രതിമാസ സബ്സ്‌ക്രിപ്ഷനിലൂടെ ഒരു ദിവസം AED1 സംഭാവന ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം; 8009999 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി പ്രത്യേക കോള്‍ സെന്റര്‍ വഴിയും സംഭാവനകള്‍ നല്‍കാം.

 

Latest