Uae
യുഎഇയുടെ കമ്മ്യൂണിറ്റി വർഷത്തിന് ആദരവ്: കണ്ണൂർ ബീച്ച് റണ്ണിൽ പങ്കെടുക്കാൻ യുഎഇ സാമ്പത്തിക മന്ത്രി പയ്യാമ്പലത്തേക്ക്
ഇയർ ഓഫ് കമ്മ്യൂണിറ്റി റൺ എന്ന പ്രത്യേക വിഭാഗത്തിൽ പങ്കെടുക്കാൻ മന്ത്രി എത്തുന്നത് കണ്ണൂർ റണ്ണിന്റെ മെന്റർ ഡോ. ഷംഷീർ വയലിലിന്റെ ക്ഷണം സ്വീകരിച്ച്

കൊച്ചി/ കണ്ണൂര്‍ | ഇന്ത്യ-യുഎഇ ബന്ധത്തിലെ ഊഷ്മളമായ അദ്ധ്യായത്തിനു സാക്ഷിയാകാന്‍ കണ്ണൂര്‍. പയ്യാമ്പലം ബീച്ചില്‍ ഞായറാഴ്ച നടക്കുന്ന കണ്ണൂര്‍ ബീച്ച് റണ്ണാണ് രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദം വിളിച്ചോതുന്ന കായിക വേദിയായി മാറുക.
കണ്ണൂര്‍ ബീച്ച് റണ്ണിന്റെ മെന്ററും പ്രമുഖ ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിലിന്റെ ക്ഷണം സ്വീകരിച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പങ്കെടുക്കും. ഇതോടെ, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഡോ. ഷംഷീറുമായി ചേര്‍ന്ന് നടത്തുന്ന കണ്ണൂര്‍ ബീച്ച് റണ്ണിന് അന്താരാഷ്ട്ര തലത്തില്‍ പുതിയ മാനം കൈവരികയാണ്.
ഐക്യവും ശാക്തീകരണവുമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഈ വര്‍ഷം ആചരിക്കുന്ന ഇയര്‍ ഓഫ് കമ്മ്യൂണിറ്റിക്ക് ആദരവ് അര്‍പ്പിച്ചുള്ള പ്രത്യേക വിഭാഗത്തിലാണ് മന്ത്രി പങ്കെടുക്കുക. ഡോ. ഷംഷീര്‍ വയലില്‍, കണ്ണൂര്‍ ബീച്ച് റണ്‍ സംഘാടകര്‍ എന്നിവരും വിവിധ മേഖലകളില്‍ നിന്നുള്ള കായിക പ്രേമികളും ഈ വിഭാഗത്തില്‍ മന്ത്രിക്കൊപ്പം അണിനിരക്കും.
കമ്മ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങള്‍ ഉയര്‍ത്തി കാട്ടികൊണ്ടാണ് ഇയര്‍ ഓഫ് കമ്മ്യൂണിറ്റി റണ്‍ എന്ന പ്രത്യേക വിഭാഗമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനായി കേരളത്തിലുള്ള യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി കണ്ണൂര്‍ റണ്ണിനെയും കേരളത്തിലെ ഇത്തരം കമ്മ്യൂണിറ്റി കായിക കൂട്ടായ്മകളെയും പറ്റി ഡോ. ഷംഷീറില്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് പയ്യാമ്പലത്തേക്കെത്താന്‍ തയ്യാറായത്.
ഇന്ത്യയുമായുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം ശക്തമാക്കുന്നതോടൊപ്പം സാമൂഹിക സംരംഭങ്ങളിലുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് മന്ത്രിയുടെ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നത്. രാവിലെ 7 മണിക്കാണ് ഇയര്‍ ഓഫ് കമ്യൂണിറ്റി വിഭാഗത്തിലെ ഓട്ടം ആരംഭിക്കുക. വര്‍ദ്ധിച്ച ആവേശത്തോടെ ഈ വര്ഷം നടക്കുന്ന കണ്ണൂര്‍ ബീച്ച് റണ്ണില്‍ ഹാഫ് മാരത്തോണ്‍ അടക്കമുള്ള മറ്റു വിഭാഗങ്ങളുമുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധേയരായ ആറ് എത്യോപ്യന്‍ റണ്ണര്‍മാരും ഡോ. ഷംഷീറിന്റെ ക്ഷണപ്രകാരം ബീച്ച് റണ്ണില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയിട്ടുണ്ട്.