Uae
യുഎഇ; കോർപറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ 5.2 ലക്ഷം
പുതിയ ലെജിസ്ലേറ്റീവ് ഇന്റലിജൻസ് ഓഫീസ് സ്ഥാപിക്കും

ദുബൈ | യു എ ഇയില്‍ കോര്‍പ്പറേറ്റ് നികുതിയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം 520,000 ആയി.മൂല്യവര്‍ധിത നികുതിക്ക് കീഴിലുള്ളവ 470,000 ആണെന്നും യു എ ഇ മന്ത്രിസഭ വിലയിരുത്തി.യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു.
‘സാമ്പത്തിക സുസ്ഥിരതയെ പിന്തുണയ്ക്കുകയും ആഗോള മത്സരശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്ന യു എ ഇയുടെ നികുതി സമ്പ്രദായത്തിന്റെ പുരോഗതിയെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ) വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, നികുതിനയ കാര്യക്ഷമതയില്‍ യു എ ഇ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തും നികുതി വെട്ടിപ്പ് ചെറുക്കുന്നതില്‍ രണ്ടാം സ്ഥാനത്തും ആണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
രാജ്യത്തെ എല്ലാ ഫെഡറല്‍, പ്രാദേശിക നിയമനിര്‍മാണങ്ങളെയും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഒരു നിയമനിര്‍മാണ ഭൂപടം വികസിപ്പിക്കുന്നതിനായി യു എ ഇ മന്ത്രിസഭയ്ക്കു കീഴില്‍ റെഗുലേറ്ററി ലെജിസ്ലേറ്റീവ് ഇന്റലിജന്‍സിനായി ഒരു പുതിയ ഓഫീസ് സ്ഥാപിക്കുമെന്നും യോഗത്തില്‍ പ്രഖ്യാപിച്ചു. ‘യു എ ഇയിലെ എല്ലാ ഫെഡറല്‍, പ്രാദേശിക നിയമങ്ങളെയും ഒരുമിച്ചുകൊണ്ടുവരുന്ന ഒരു സമഗ്രമായ നിയമനിര്‍മാണ പദ്ധതി സൃഷ്ടിക്കുന്നതില്‍ ഈ ഓഫീസ് പ്രവര്‍ത്തിക്കും. നിര്‍മിത ബുദ്ധി വഴി അവയെ ജുഡീഷ്യല്‍ വിധികള്‍, എക്‌സിക്യൂട്ടീവ് നടപടിക്രമങ്ങള്‍, പൊതു സേവനങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കും.
ദൈനംദിന സ്വാധീനം ട്രാക്ക് ചെയ്യാന്‍ പുതിയ സംവിധാനം നമ്മെ അനുവദിക്കും. യു എ ഇയില്‍ ഏറ്റവും മികച്ച ആഗോള നയങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നിരീക്ഷിക്കുന്നതിന് ആഗോള ഗവേഷണ കേന്ദ്രങ്ങളുമായി ഇത് ബന്ധിപ്പിക്കും.നിര്‍മിത ബുദ്ധിയുടെ ശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന ഈ പുതിയ നിയമനിര്‍മാണ സംവിധാനം, നമ്മള്‍ നിയമങ്ങള്‍ സൃഷ്ടിക്കുന്ന രീതിയെ മാറ്റുകയും പ്രക്രിയ വേഗത്തിലും കൃത്യതയിലും ആക്കുകയും ചെയ്യും. ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
വ്യാവസായിക മേഖലയുടെ പുരോഗതിയെ പിന്തുണയ്ക്കുന്ന ‘മെയ്ക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ്’ ഫോറത്തിന് ആതിഥ്യം വഹിക്കാന്‍ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം എങ്ങനെ തയ്യാറെടുക്കുന്നുവെന്ന് യോഗം അവലോകനം ചെയ്തു.’നമ്മുടെ വ്യാവസായിക മേഖല മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലേക്ക് 21000 കോടി ദിര്‍ഹം സംഭാവന ചെയ്യുന്നു, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 59 ശതമാനം വളര്‍ച്ച കൈവരിച്ചെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.ഗ്ലോബല്‍ അലയന്‍സ് ഫോര്‍ എനര്‍ജി എഫിഷ്യന്‍സി ആരംഭിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.