Ongoing News
അലുമിനിയം വ്യവസായത്തില്‍ മുന്നേറി യു എ ഇ
ലോകത്തിലെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിലൊന്നായി യു എ ഇ മാറിയിരിക്കുകയാണ്
ദുബൈ | ഉയര്‍ന്ന നിലവാരമുള്ള അലുമിനിയം ഉത്പാദന വ്യവസായത്തില്‍ യു എ ഇ അതിന്റെ ആഗോള നേതൃത്വ സ്ഥാനം ശക്തിപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിലൊന്നായി യു എ ഇ മാറിയിരിക്കുകയാണ്. ആഗോള വിപണികളിലേക്ക് അലുമിനിയം കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായും രാജ്യം മാറി.
ഇമാറാത്തിലെ അലുമിനിയം കമ്പനികള്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി പുതിയ സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനും ഇതിനകം ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ‘അസംസ്‌കൃത അലുമിനിയം അലോയ്കളുടെ ഇറക്കുമതി’ എന്നതിനെക്കുറിച്ചുള്ള ലോക ബേങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഏകദേശം രണ്ട് ബില്യണ്‍ കിലോഗ്രാം അസംസ്‌കൃത അലുമിനിയം അലോയ്കളുടെ കയറ്റുമതി യു എ ഇ നടത്തിയിട്ടുണ്ട്.
ലോക ബേങ്ക് കണക്കനുസരിച്ച്, 2023 അവസാനത്തോടെ ഏകദേശം 448.9 ദശലക്ഷം കിലോഗ്രാം അസംസ്‌കൃത അലുമിനിയം അലോയ് യു എ ഇയില്‍ നിന്ന് ഇറക്കുമതി ചെയ്തത് യൂറോപ്യന്‍ യൂണിയനാണ്. തുടര്‍ന്ന് 322.5 ദശലക്ഷം കിലോഗ്രാമുമായി യുനൈറ്റഡ് സ്റ്റേറ്റ്‌സും 258.04 ദശലക്ഷം കിലോഗ്രാമുമായി ജപ്പാന്‍ തുടര്‍ന്നും വരുന്നു.
ഉയര്‍ന്ന നിലവാരമുള്ളതും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനവുമുള്ള അലുമിനിയത്തിന്റെ സ്രോതസ്സായി യു എ ഇ മാറി. പാരിസ്ഥിതിക ആഘാതം കുറക്കുന്നതിനും നവീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഉത്പാദനത്തില്‍ നൂതന സാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കാനും രാജ്യം ശ്രദ്ധിക്കുന്നു.
രാജ്യത്തെ അലുമിനിയം ഉത്പന്നങ്ങള്‍ ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ 50 ലധികം രാജ്യങ്ങളിലെ 400-ലധികം ഉപഭോക്താക്കള്‍ സ്വീകരിക്കുന്നുണ്ട്.