Connect with us

Ongoing News

ബഹിരാകാശ കുതിപ്പ് നടത്തി വീണ്ടും യു എ ഇ

എം ബി ഇസഡ് - സാറ്റ് വിക്ഷേപണം വിജയകരം

Published

|

Last Updated

ദുബൈ| യു എ ഇയുടെ അത്യാധുനിക എർത്ത് ഇമേജിംഗ് ഉപഗ്രഹം, എം ബി ഇസഡ് -സാറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ യു എ ഇ സമയം രാത്രി 11.05ന് യു എസ് കാലിഫോർണിയയിലെ വാൻഡൻബർഗ് എയർഫോഴ്‌സ് ബേസിൽ നിന്നാണ് ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. ഇമാറാത്തി എൻജിനീയർമാർ പൂർണമായും വികസിപ്പിച്ചെടുത്ത രണ്ടാമത്തെ ഉപഗ്രഹമാണ് 750 കിലോഗ്രാമിലധികം ഭാരമുള്ള എം ബി ഇസഡ് – സാറ്റ്. എച്ച് സി ടി – സാറ്റ് ഒന്ന് എന്ന ക്യൂബ്സാറ്റിനൊപ്പമാണ് ഇത് വിക്ഷേപിച്ചത്.

സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ – 9 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയതെന്ന് മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്റർ (എം ബി ആർ എസ്‌ സി) അറിയിച്ചു. കൂടുതൽ ചെലവ് കുറഞ്ഞ ബദൽ വിക്ഷേപണ രീതിയാണിത്. നടപടികൾ സുഗമമാക്കാൻ യു എസിൽ ഏഴ് അംഗ ടീമും ദുബൈയിലെ മിഷൻ കൺട്രോളിലെ ടീമും ജാഗ്രതയോടെ പ്രവർത്തിച്ചു. വിക്ഷേപണം വിജയകരമായെന്ന് എം ബി ആർ എസ്‌ സി ഡയറക്ടർ ജനറൽ സാലം ഹുമൈദ് അൽ മർറി പറഞ്ഞു.

ഏറ്റവും നൂതനമായ ഉപഗ്രഹം

പ്രസിഡന്റ‌് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ ബഹുമാനാർഥം നാമകരണം ചെയ്യപ്പെട്ടതാണ് എം ബി ഇസഡ് – സാറ്റ്. സമാനതകളില്ലാത്ത ഇമേജിംഗ് കഴിവുകൾ ഉപയോഗിച്ച് ഭൗമ നിരീക്ഷണത്തെ പരിവർത്തനം ചെയ്യും. അടുത്ത തലമുറയിലെ ബഹിരാകാശ പര്യവേക്ഷകരെ പരിപോഷിപ്പിക്കുന്നതിനുള്ള യു എ ഇയുടെ പ്രതിബദ്ധതയാണ് ഈ പ്രോജക്റ്റ് എടുത്തുകാണിക്കുന്നത്. പൂർണ ഓട്ടോമേറ്റഡ് ഇമേജ് ഷെഡ്യൂളിംഗും പ്രോസസ്സിംഗ് സിസ്റ്റവും ഉണ്ട്. പത്ത്  മടങ്ങ് കൂടുതൽ ഇമേജുകൾ നൽകും. ഒരു ചതുരശ്ര മീറ്ററിൽ താഴെയുള്ള വിസ്തൃതിയിൽ വിശദാംശങ്ങൾ കാണിക്കുന്ന ചിത്രങ്ങൾ ഇവ നൽകും.

പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനോ നഗരങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആസൂത്രണം ചെയ്യുന്നതിനോ ഉള്ള ശക്തമായ ഉപകരണമായി എം ബി ഇസഡ് – സാറ്റ് പ്രവർത്തിക്കും. നിലവിൽ, യു എ ഇയുടെ ഭ്രമണപഥത്തിൽ പത്ത് ഉപഗ്രഹങ്ങളുണ്ട്. ആദ്യമായി നിർമിച്ച ഇമാറാത്തി ഉപഗ്രഹം ഖലീഫസാറ്റ് ആണ്. 11-ാമത്തെ യു എ ഇ ഉപഗ്രഹമാണ് എം ബി ഇസഡ് – സാറ്റ്. ഓരോന്നും വ്യത്യസ്‌തമായ ഉദ്ദേശ്യത്തിലാണ് വിക്ഷേപിച്ചത്. എട്ട് ഉപഗ്രഹങ്ങൾ കൂടി നിർമിക്കാൻ യു എ ഇ പ്രവർത്തിക്കുകയാണ്. ബഹിരാകാശ വ്യവസായത്തിലെ പൊതു – സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്നതുമാണ് പദ്ധതി.

 

 

Latest