Ongoing News
യു എ ഇ പൊതുമാപ്പ്: നാട്ടിലേക്ക് മടങ്ങാൻ വിമാനക്കൂലിയിൽ ഇളവ്
രാജ്യം വിടാൻ ആഗ്രഹിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കുക.
അബൂദബി | യു എ ഇ വിസ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാൻ തീരുമാനിക്കുന്ന അനധികൃത താമസക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് വാഗ്ദാനം ചെയ്യുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) അറിയിച്ചു.
എമിറേറ്റ്‌സ്, ഇത്തിഹാദ്, എയർ അറേബ്യ എന്നിവയുൾപ്പെടെയുള്ള യു എ ഇ എയർലൈനുകളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആർ എഫ് എ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
രാജ്യം വിടാൻ ആഗ്രഹിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കുക. എന്നാൽ ഇതിന്റെ മറ്റു വിശദാംശങ്ങൾ ലഭ്യമാവേണ്ടതുണ്ട്.
സെപ്തംബർ ഒന്ന് മുതൽ 2024 ഒക്ടോബർ 30 വരെയാണ് യു എ ഇ രണ്ട് മാസത്തേ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ടൂറിസ്റ്റ് വിസകളും കാലഹരണപ്പെട്ട റെസിഡൻസി വിസകളും ഉൾപ്പെടെ എല്ലാത്തരം വിസകളും പൊതുമാപ്പ് പദ്ധതിയിൽ ഉൾപ്പെടും. യാതൊരു രേഖകളുമില്ലാതെ ജനിച്ചവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനും അവരുടെ പദവി ശരിയാക്കാനും കഴിയും. സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും അപേക്ഷിക്കാം. എന്നാൽ, അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കില്ല.
പൊതുമാപ്പ്: അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെ?
നിയമലംഘകർക്ക് സ്റ്റാറ്റസ് ഭേദഗതി ചെയ്യാനും രാജ്യം വിടാനും എളുപ്പവും സൗകര്യപ്രദവുമായ നടപടിക്രമങ്ങൾ നൽകിയിട്ടുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി, വിശദീകരിച്ചു. അവർക്ക് അതോറിറ്റിയുടെ ഇലക്ട്രോണിക്, സ്മാർട്ട് ചാനലുകൾ വഴിയും അംഗീകൃത ടൈപ്പിംഗ് ഓഫീസുകൾ വഴിയും അപേക്ഷ സമർപ്പിക്കാം. ബയോമെട്രിക് ഫിംഗർപ്രിന്റ്പൂർത്തിയാക്കാൻ അറിയിപ്പ് ലഭിക്കുന്നവർ മാത്രമേ അതിന്നായുള്ള കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടി വരൂ.