Connect with us

Uae

യു എ ഇയും ഫ്രാൻസും എ ഐ ഡാറ്റാ സെന്റർ നിർമിക്കും

ശൈഖ് മുഹമ്മദ് ബിൻ സായിദ് പാരീസിൽ

Published

|

Last Updated

അബൂദബി | കൃത്രിമബുദ്ധിയുടെ ഭാവി വികസനത്തിനുള്ള ഒരു സുപ്രധാന ചുവടുവെപ്പിൽ, യു എ ഇ ഫ്രാൻസുമായി സഹകരിക്കും. ഇതിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ എ ഐ സൗകര്യമായി മാറാൻ പോകുന്ന “വൺ ഗിഗാവാട്‌സ് എ ഐ ഡാറ്റാ സെന്റർ’ വികസിപ്പിക്കും.മെഗാ പദ്ധതിയിൽ യു എ ഇ വൻ നിക്ഷേപം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡൻസി വ്യക്തമാക്കി.

പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ പാരീസിൽ ഔദ്യോ
ഗിക സന്ദർശനത്തിനായി എത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ശൈഖ് മുഹമ്മദിന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും സാന്നിധ്യത്തിൽ കരാർ ഒപ്പുവെച്ചു. യു എ ഇക്ക് വേണ്ടി എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയർമാനും അബൂദബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബൂദബി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി കൗൺസിൽ അംഗവുമായ ഖൽദൂൻ ഖലീഫ അൽ മുബാറകും ഫ്രാൻസിന് വേണ്ടി യൂറോപ്പ്, വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റും സാമ്പത്തിക, ധനകാര്യ, വ്യാവസായിക, ഡിജിറ്റൽ പരമാധികാര മന്ത്രി എറിക് ലോംബാർഡും കരാറിൽ ഒപ്പുവച്ചു.

അത്യാധുനിക ചിപ്പുകളുടെ വികസനം, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറുകൾ സ്ഥാപിക്കൽ, വെർച്വൽ ഡാറ്റ എംബസികൾ സ്ഥാപിക്കൽ തുടങ്ങിയവ ഡാറ്റാ സെന്ററിന്റെ പ്രവർത്തനത്തിൽ വരും.സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാലവും തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.

സാമ്പത്തിക, നിക്ഷേപ, സാംസ്‌കാരിക മേഖലകളിൽ ഉഭയകക്ഷി സഹകരണം വികസിപ്പിക്കാനുള്ള അവസരങ്ങൾ, കാലാവസ്ഥാ പ്രവർത്തനം, ഊർജം, നൂതന സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, സുസ്ഥിര വികസനം എന്നിവയിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളെക്കുറിച്ചും അവർ ചർച്ച ചെയ്തു.