Qatar
യു എ ഇയും ഖത്വറും ഇരട്ട നികുതി ഒഴിവാക്കും
കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പ്രത്യക്ഷവും പരോക്ഷവുമായ ഇരട്ടനികുതിയില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കുന്നതാണ് കരാറെന്ന് യു എ ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് അല്‍ ഹുസൈനി.
ദോഹ | ഇരട്ട നികുതി ഒഴിവാക്കാനും ആദായ നികുതിയുടെ വെട്ടിപ്പ് തടയാനുമുള്ള കരാറില്‍ യു എ ഇയും ഖത്വറും ഒപ്പുവെച്ചു. ജി സി സി സാമ്പത്തിക, സഹകരണ സമിതിയുടെ 121-ാമത് യോഗത്തോടനുബന്ധിച്ചാണ് കരാര്‍ ഒപ്പിട്ടത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുന്നതിനൊപ്പം കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പ്രത്യക്ഷവും പരോക്ഷവുമായ ഇരട്ടനികുതിയില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കുന്നതാണ് കരാറെന്ന് യു എ ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് അല്‍ ഹുസൈനി ചൂണ്ടിക്കാട്ടി.
ആഗോള ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിനും സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള നിക്ഷേപങ്ങള്‍ സംരക്ഷിക്കുന്നതിനുമായി യു എ ഇ ഇതുവരെ 146 ഇരട്ട നികുതി ഒഴിവാക്കല്‍ കരാറുകളിലും 114 നിക്ഷേപ സംരക്ഷണ കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്.