Connect with us

Uae

യു എ ഇ പുതിയ ട്രാഫിക് നിയമം പ്രഖ്യാപിച്ചു

പുതിയ നിയമം അനുസരിച്ച് 17 വയസ്സുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് നേടാൻ അനുമതിയുണ്ട്.

Published

|

Last Updated

അബൂദബി | യു എ ഇ സർക്കാർ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചുള്ള പുതിയ ഫെഡറൽ ഡിക്രി നിയമം പ്രഖ്യാപിച്ചു, 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമഭേദഗതികൾ ലോകമെമ്പാടുമുള്ള ഗതാഗതത്തിന്റെ ദ്രുതഗതിയിലുള്ള പരിണാമം കടക്കിലെടുത്താണ് രൂപപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

പുതിയ നിയമം അനുസരിച്ച് 17 വയസ്സുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് നേടാൻ അനുമതിയുണ്ട്. നേരത്തെ കാറുകളും ചെറുവാഹനങ്ങളും ഓടിക്കാൻ കുറഞ്ഞത് 18 വയസ്സ് ആയിരുന്നു പ്രായപരിധി. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് നിരോധിക്കും. പ്രത്യേക സാഹചര്യങ്ങളിലല്ലാതെ നഗരങ്ങളിൽ കാർ ഹോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല. 80 കിലോമീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള റോഡ് മുറിച്ചുകടക്കുന്നത് പുതിയ നിയന്ത്രണങ്ങൾ പ്രകാരം കടുത്ത ശിക്ഷ ലഭിക്കുന്ന ലംഘനമാണ്.

മാരകമായ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന ഗുരുതരമായ ലംഘനങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും നിയമം വ്യക്തമാക്കുന്നു. മദ്യപിച്ചോ ഏതെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക, ഹിറ്റ് ആൻഡ് റൺ കേസുകൾ, വെള്ളപ്പൊക്ക സമയത്ത് താഴ്്വരയിൽ വാഹനമോടിക്കുക തുടങ്ങിയവ ഇത്തരത്തിൽ ഗുരുതരമായ ലംഘനങ്ങളിൽ പെടും. അപകടകരമായതും അസാധാരണമായതുമായ വസ്തുക്കളോ ലോഡുകളോ കൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി ആവശ്യമാണ്.

സെൽഫ് ഡ്രൈവിംഗിന്റെയും ഇലക്ട്രിക് വാഹനങ്ങളുടെയും വർധിച്ചുവരുന്ന ഉപയോഗത്തെ ഉൾക്കൊള്ളാൻ ചില മാറ്റങ്ങളും ട്രാഫിക് നിയമം മുന്നോട്ടുവെച്ചിട്ടുണ്ട്. സ്വയം ഡ്രൈവിംഗ് വാഹനങ്ങൾ പരിശോധിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും ഇത് വ്യക്തമാക്കുന്നു.  ഓട്ടോമോട്ടീവ് വ്യവസായത്തിൽ പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും നിർവചിക്കപ്പെട്ടിട്ടുണ്ട്.

വിവിധ ട്രാഫിക് ലംഘനങ്ങൾക്ക് തടവും 200,000 ദിർഹം വരെ കനത്ത പിഴ ലഭിക്കും. നിയുക്തമല്ലാത്ത പ്രദേശങ്ങളിൽ റോഡ് മുറിച്ചു കടക്കുന്നതിന് പുതിയ നിയമപ്രകാരം ഉയർന്ന പിഴ ചുമത്തും. 80 കിലോമീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള നിയുക്ത പ്രദേശങ്ങളിൽ നിന്ന് കടക്കുന്ന ഏതൊരു വ്യക്തിക്കും  മൂന്ന് മാസത്തിൽ കുറയാത്ത തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒരു ശിക്ഷയും  ലഭിക്കും. നിലവിൽ, ഈ ലംഘനത്തിന് 400 ദിർഹം പിഴയാണ് ശിക്ഷ.

മയക്കുമരുന്ന്, സൈക്കോട്രോ പിക് ലഹരിവസ്തുക്കൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും സ്വാധീനത്തിൽ വാഹനമോടിക്കുന്നത് പോലുള്ള ലംഘനങ്ങൾക്ക് 200,000 ദിർഹം വരെ പിഴയും ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് അടക്കമുള്ള ശിക്ഷയും ചുമത്തും. വാഹനാപകടം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും വിവരങ്ങൾ നൽകുന്നതിൽ പരാജയം സംഭവിക്കുകയും ചെയ്താൽ രണ്ട് വർഷത്തിൽ കൂടാത്ത തടവും 50,000 ദിർഹത്തിൽ കുറയാത്തതും 100,000 ദിർഹം കവിയാത്തതുമായ ശിക്ഷ ലഭിക്കും.

സസ്പെൻഡ് ചെയ്ത ലൈസൻസുമായി വാഹനം ഓടിച്ചാൽ പിടിക്കപ്പെടുന്നവർക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയും ലഭിക്കും. 10,000 ദിർഹത്തിൽ കുറയാത്ത പിഴയും ചുമത്തും. രാജ്യത്ത് അംഗീകരിക്കപ്പെടാത്ത വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ ആദ്യ കുറ്റത്തിന് 2,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് തടവും 5,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴയും ലഭിക്കും.

ലൈസൻസില്ലാതെ വാഹനമോടിക്കുകയോ മറ്റൊരു തരത്തിലുള്ള വാഹന ലൈസൻസ് ഉപയോഗിക്കുകയോ ചെയ്താൽ പിടിക്കപ്പെടുന്നവർക്ക് മൂന്ന് മാസം വരെ തടവും 5,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ മൂന്ന് മാസത്തിൽ കുറയാത്ത തടവും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്ന് ശിക്ഷയായി ലഭിക്കും. റോഡിൽ ഒരാളുടെ മരണത്തിന് കാരണക്കാരനായ വ്യക്തിക്ക് തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും.

Latest