Uae
യു എ ഇ ബ്ലൂ വിസ പ്രാബല്യത്തിലായി
ലോക ഭരണകൂട ഉച്ചകോടിയിൽ 10 വർഷത്തെ താമസാനുമതിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു.
![](https://assets.sirajlive.com/2025/01/dubai-897x538.gif)
ദുബൈ | പരിസ്ഥിതി പ്രവർത്തകർക്ക് യു എ ഇയുടെ ദീർഘകാല താമസാനുമതിയായ ബ്ലൂ വിസ പ്രാബല്യത്തിലായി. ലോക ഭരണകൂട ഉച്ചകോടിയിൽ 10 വർഷത്തെ താമസാനുമതിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ സി പി)യും ചേർന്നാണ് ബ്ലൂ വിസ നൽകുന്നത്. സുസ്ഥിരതാ ചിന്താഗതിക്കാരായ 20 നേതാക്കൾക്കും നൂതനാശയക്കാർക്കും ബ്ലൂ വിസ ഉടൻ ലഭിക്കും.
യു എ ഇക്കകത്തും പുറത്തും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും അസാധാരണമായ സംഭാവന നൽകിയ വ്യക്തികളെയാണ് പരിഗണിക്കുന്നത്. 10 വർഷത്തെ വിസയാണ് നൽകുന്നത്. അന്താരാഷ്ട്ര സംഘടനകളിലെ അംഗങ്ങൾ, അന്താരാഷ്ട്ര കമ്പനി പ്രതിനിധികൾ, അസോസിയേഷനുകളിലെയും സർക്കാരിതര സംഘടനകളിലെയും അംഗങ്ങൾ, ആഗോള അവാർഡ് ജേതാക്കൾ, പരിസ്ഥിതി പ്രവർത്തനങ്ങളിലെ വിശിഷ്ട പ്രവർത്തകർ, ഗവേഷകർ എന്നിവരുൾപ്പെടെ പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്കാണ് ഈ വിസ നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ ആരംഭിച്ച ഗോൾഡൻ ആൻഡ് ഗ്രീൻ റെസിഡൻസികളുടെ ഒരു വിപുലീകരണമാണ് ബ്ലൂ വിസ. ഐ സി പിയുടെ വെബ്‌സൈറ്റിലെ അംഗീകൃത നടപടിക്രമങ്ങൾക്കനുസൃതമായി, സുസ്ഥിരതാ മേഖലകളിലെ പ്രസക്തമായ സർക്കാർ ഏജൻസികൾ വഴി അപേക്ഷ സമർപ്പിക്കാം. ഇലക്ട്രോണിക് സിസ്റ്റത്തിന്റെ ആദ്യ ഘട്ടം ഇതാണ്. ബ്ലൂ വിസ ലഭിക്കാൻ താൽപ്പര്യമുള്ള യു എ ഇയിലെ സുസ്ഥിരതാ വക്താക്കൾക്കും വിദഗ്ധർക്കും ഐ സി പിയിലൂടെ നേരിട്ട് അപേക്ഷിക്കാം. അല്ലെങ്കിൽ യു എ ഇയിലെ യോഗ്യതയുള്ള അധികാരികളുടെ നാമനിർദേശം വഴി ലഭ്യമാകും.
അംഗീകൃത നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, യോഗ്യതയുള്ള വ്യക്തികൾക്ക് ഐ സി പി അതിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിവരം നൽകും.
---- facebook comment plugin here -----