Uae
യു എ ഇ കനത്ത തണുപ്പിലേക്ക്; മഴക്ക് സാധ്യത
യു എ ഇയിൽ ഡിസംബർ 22നാണ് ഔദ്യോഗികമായി ശൈത്യകാലം ആരംഭിക്കുക.
ദുബൈ | യു എ ഇ ശൈത്യകാലത്തേക്കു നീങ്ങുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത ആഴ്ച താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. മഴക്കും സാധ്യതയുണ്ട്. ഡിസംബർ 16 മുതൽ, പ്രദേശത്ത് വടക്കുപടിഞ്ഞാറൻ കാറ്റും തണുത്ത വായുവും അനുഭവപ്പെടും. ഇത് ക്രമേണ താപനില കുറയാൻ കാരണമാകും.
യു എ ഇയിലുടനീളം താപനില അഞ്ച് മുതൽ ഏഴ് വരെ ഡിഗ്രി സെൽഷ്യസ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ആരംഭിച്ച് ക്രമേണ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് വ്യാപിക്കും. യു എ ഇയിൽ ഡിസംബർ 22നാണ് ഔദ്യോഗികമായി ശൈത്യകാലം ആരംഭിക്കുക.
കഴിഞ്ഞ 30 വർഷമായി, രാജ്യത്തെ ഏറ്റവും തണുപ്പുള്ള കാലയളവ് ജനുവരി 16 മുതൽ 18 വരെയുള്ള മൂന്ന് ദിവസങ്ങളാണ്. അറേബ്യൻ കലണ്ടർ അനുസരിച്ച്, ശൈത്യകാലത്തെ രണ്ട് പ്രധാന ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഓരോന്നും 40 ദിവസം നീണ്ടുനിൽക്കും. ആദ്യത്തേത് ഡിസംബർ 28 ഓടെ ആരംഭിക്കുന്നു.കഠിനമായ തണുപ്പും മഴയും അനുഭവപ്പെടും. രണ്ടാമത്തേത് തണുപ്പ് ക്രമേണ കുറയുന്ന കാലമാണ്.