uae central bank
യു എ ഇ; പുതിയ പോളിമര്‍ കറന്‍സി ഔദ്യോഗികമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്
നിലവില്‍ പ്രചാരത്തിലുള്ള ഇതേ മൂല്യമുള്ള പേപ്പര്‍ ബാങ്ക് നോട്ടിനൊപ്പം ഈ പുതിയ പോളിമര്‍ ബാങ്ക് നോട്ട് ഉപയോഗിക്കാമെന്നും പുതിയ നോട്ട് രാജ്യത്തെ ബാങ്കുകളിലേക്കും എക്സ്ചേഞ്ച് ഹൗസുകളിലേക്കും വിതരണം ചെയ്തതായും സെന്‍ട്രല്‍ ബേങ്ക് കൂട്ടിച്ചേര്‍ത്തു
അബുദബി | രാജ്യത്ത് പുതിയതായി പുറത്തിറക്കിയ അമ്പത് ദിര്‍ഹം പോളിമര്‍ ബാങ്ക് നോട്ട് ഔദ്യോഗിക കറന്‍സിയാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വ്യക്തമാക്കി. നിലവില്‍ പ്രചാരത്തിലുള്ള ഇതേ മൂല്യമുള്ള പേപ്പര്‍ ബാങ്ക് നോട്ടിനൊപ്പം ഈ പുതിയ പോളിമര്‍ ബാങ്ക് നോട്ട് ഉപയോഗിക്കാമെന്നും പുതിയ നോട്ട് രാജ്യത്തെ ബാങ്കുകളിലേക്കും എക്സ്ചേഞ്ച് ഹൗസുകളിലേക്കും വിതരണം ചെയ്തതായും സെന്‍ട്രല്‍ ബേങ്ക് കൂട്ടിച്ചേര്‍ത്തു. യു എ ഇയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പോളിമര്‍ മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള പുതിയ 50 ദിര്‍ഹത്തിന്റെ ബാങ്ക് നോട്ട് പുറത്തിറക്കിയത്.
യു എ ഇ ഭരണാധികാരികളുടെയും, കിരീടാവകാശികളുടെയും സാന്നിധ്യത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഈ പുതിയ ബാങ്ക് നോട്ട് പ്രകാശനം ചെയ്തത്. യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, എമിറേറ്റ്സിന്റെ ആദ്യ തലമുറ ഭരണാധികാരികള്‍ എന്നിവരോടും, രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ ഇവരുടെ സമര്‍പ്പണത്തിന്റെയും ചരിത്രപരമായ പങ്കിനോടുമുള്ള ബഹുമാനാര്‍ത്ഥമാണ് രാജ്യം പുതിയ ബാങ്ക് നോട്ട് പുറത്തിറക്കിയത്. യു എ ഇയില്‍ വിതരണം ചെയ്യുന്ന, പോളിമര്‍ മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ആദ്യത്തെ ബാങ്ക് നോട്ടാണിത്. സുസ്ഥിരതാ നയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് യു എ ഇ ഈ ബാങ്ക് നോട്ട് പോളിമര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പരമ്പരാഗത കോട്ടണ്‍ പേപ്പര്‍ നോട്ടുകളേക്കാള്‍ കൂടുതല്‍ ഈട് നില്‍ക്കുന്നതും, സുസ്ഥിരവുമാണ് പോളിമര്‍ ബാങ്ക് നോട്ടുകള്‍.
വ്യത്യസ്തമായ വയലറ്റ് ഷേഡുകള്‍, ഫ്‌ലൂറസെന്റ് നീല നിറത്തില്‍ മധ്യഭാഗത്ത് അടയാളപ്പെടുത്തിയിട്ടുള്ള യു എ ഇ നാഷന്‍ ബ്രാന്‍ഡ്, നൂതന ഇന്റാഗ്ലിയോ പ്രിന്റിംഗ് ടെക്‌നിക്കുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച ഡ്രോയിംഗുകള്‍, ലിഖിതങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ പുതിയ ബാങ്ക് നോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും കള്ളപ്പണത്തെ ചെറുക്കുന്നതിനുമായി വിപുലമായ സുരക്ഷാ ഫീച്ചറുകളും പുതിയ 50 ദിര്‍ഹം ബാങ്ക് നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ അമ്പത് ദിര്‍ഹം നോട്ടിന്റെ മുന്‍ഭാഗത്ത് വലതുവശത്തായി അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഛായാചിത്രവും, മധ്യഭാഗത്ത് യൂണിയന്‍ രേഖയില്‍ ഒപ്പ് വെച്ച ശേഷമുള്ള സ്ഥാപക പിതാക്കന്മാരുടെ സ്മാരക ചിത്രവും, ഇടതുവശത്ത് എമിറേറ്റ്‌സിലെ രക്തസാക്ഷികളുടെ സ്മാരകമായ വഹാത് അല്‍ കരാമയുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടിന്റെ മറുവശത്ത് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ യൂണിയന്‍ കരാറില്‍ ഒപ്പുവെക്കുന്ന ചിത്രവും, യൂണിയന്‍ സ്ഥാപിക്കുന്നതിനും ആദ്യമായി യുഎഇ പതാക ഉയര്‍ത്തുന്നതിനും സാക്ഷ്യം വഹിച്ച ഇ ത്തിഹാദ് മ്യൂസിയത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നു.