Uae
കാര്‍ഷിക സമൂഹത്തിനായി യു എ ഇ ചാറ്റ് ജി പി ടി ടൂള്‍ വികസിപ്പിച്ചു; ലോകത്തിലെ ആദ്യത്തേത്
കോപ് 29 സമ്മേളനത്തിലാണ് പ്രഖ്യാപനം.
അബൂദബി| കാര്‍ഷിക സമൂഹത്തിനായി സമര്‍പ്പിച്ച ലോകത്തിലെ ആദ്യ ചാറ്റ്ജിപിടി ടൂള്‍ യു എ ഇ വികസിപ്പിച്ചു. കോപ് 29 സമ്മേളനത്തിലാണ് പ്രഖ്യാപനം. ഇത് ഉപയോക്താക്കള്‍ക്ക് പൂര്‍ണമായും ലഭ്യമായിട്ടുണ്ട്. 50 വര്‍ഷത്തിലധികമുള്ള ഗവേഷണ ഡാറ്റ ഫലത്തെ ആശ്രയിക്കുന്ന പ്ലാറ്റ് ഫോം ലോകമെമ്പാടുമുള്ള കര്‍ഷകരുടെ, പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള കാലാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതത്തെ സമൂലമായി പരിവര്‍ത്തനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്‍ഷ്യല്‍ ഓഫീസിലെ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഓഫീസ് മേധാവിയും ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് കൗണ്‍സില്‍ അംഗവുമായ മറിയം ബിന്‍ത് മുഹമ്മദ് അല്‍ മുഹൈരി പറഞ്ഞു.
പൊതുവായ പ്രവചനങ്ങള്‍ക്കുപകരം, കൃത്രിമ ബുദ്ധിയുടെ ശക്തി ഉപയോഗിച്ച് കര്‍ഷകര്‍ക്ക് നടപ്പിലാക്കാന്‍ കഴിയുന്ന പ്രായോഗിക രീതികള്‍ രൂപപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതിനിടെ, കോപ് 29 കോണ്‍ഫറന്‍സില്‍ യു എ ഇ പവലിയന്റെ പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനായുള്ള യു എ ഇ ഇന്‍ഡിപെന്‍ഡന്റ് ആക്സിലറേറ്റേഴ്സ് പ്രസിഡന്റും സി ഇ ഒയുമായ ശൈഖ ശമ്മ ബിന്‍ത് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്്യാന്‍ ഉദ്ഘാടനം ചെയ്തു.
സാങ്കേതികവിദ്യ, സഹകരണം, ഡാറ്റ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വൈവിധ്യമാര്‍ന്ന ഇവന്റുകള്‍ പവലിയനില്‍ നടക്കും. യു എ ഇ-ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പങ്കാളിത്തത്തിനുള്ളിലെ അഗ്രികള്‍ച്ചറല്‍ ക്ലൈമറ്റ് ഇന്നൊവേഷന്‍ ഇനിഷ്യേറ്റീവ് സെഷനില്‍ മറിയം ബിന്‍ത് മുഹമ്മദ് അല്‍ മുഹൈരി പങ്കെടുത്തു.