Uae
പുനരുപയോഗ ഊര്‍ജത്തിന് യു എ ഇ - ഈജിപ്ത് ധാരണ
ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലി, യു എ ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ ജാബര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്.
അബൂദബി|പുനരുപയോഗ ഊര്‍ജം, ഒരു വ്യാവസായിക മേഖലയുടെ വികസനം എന്നിവയില്‍ യു എ ഇയും ഈജിപ്തും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലി, യു എ ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ ജാബര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്. ഈജിപ്തിലെ വ്യവസായ ഗതാഗത മന്ത്രിയും ഉപപ്രധാനമന്ത്രിയും വ്യാവസായിക കാര്യ മന്ത്രിയുമായ കമല്‍ അല്‍ വസീര്‍, ഈജിപ്ത് ഇലക്ട്രിസിറ്റി ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രി മഹ്്മൂദ് ഇസ്മത് തുടങ്ങിയവര്‍ സന്നിഹിതരായി.
സുസ്ഥിര സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും സഹകരിക്കും. വികസന അഭിലാഷങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുസൃതമായി വ്യാവസായിക, സാങ്കേതിക നിക്ഷേപങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. വ്യവസായം, പുനരുപയോഗ ഊര്‍ജ ഉത്പാദനം എന്നിവയുള്‍പ്പെടെ പ്രധാന മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും കിഴക്കന്‍ യു എ ഇ – ഈജിപ്ത് സംയുക്ത വ്യവസായ മേഖലയുടെ വികസനത്തിനും കരാറുകള്‍ ലക്ഷ്യമിടുന്നു.