Connect with us

Organisation

യു എ ഇ പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് അബൂദബി നാഷണല്‍ തിയേറ്ററില്‍

'പരദേശിയുടെ നിറക്കൂട്ട്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രവാസി സാഹിത്യോത്സവില്‍ ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍, എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

Published

|

Last Updated

അബൂദബി| കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ നടത്തുന്ന പതിനാലാം എഡിഷന്‍ യു എ ഇ പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ഞായര്‍ അബൂദാബി നാഷനല്‍ തിയേറ്ററില്‍ വെച്ച് നടക്കും. രജിസ്റ്റര്‍ ചെയ്ത 7119 മത്സരികളില്‍ നിന്ന് യൂനിറ്റ്, സെക്ടര്‍, സോണ്‍ ഘടകങ്ങളില്‍ മത്സരിച്ച് വിജയിയായ ആയിരം പ്രതിഭകളാണ് നാഷനല്‍ സാഹിത്യോത്സവില്‍ മത്സരിക്കുന്നത്. ‘പരദേശിയുടെ നിറക്കൂട്ട്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രവാസി സാഹിത്യോത്സവില്‍ ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍, എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

യുഎ ഇ യിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് ക്യാമ്പസ് വിഭാഗത്തില്‍ പ്രത്യേക മത്സരങ്ങളും നടക്കും. പ്രവാസി വിദ്യാര്‍ത്ഥി – യുവജനങ്ങളില്‍ നിന്ന് കലാ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവസരവും പരിശീലനവും നല്‍കി പ്രതിഭാത്വം ഉയര്‍ത്തി കൊണ്ടുവരികയും സാമൂഹിക പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമാക്കുന്നത്. മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫിഗീതം, മലയാള പ്രസംഗം, കഥാരചന, കവിതാരചന, കോറല്‍ റീഡിങ്, കൊളാഷ്, സ്‌പോട് മാഗസിന്‍ തുടങ്ങി 73 മത്സര ഇനങ്ങള്‍ 12 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് രാവിലെ 7 മണിക്ക് ആരംഭിക്കും. വൈവിധ്യമായ പ്രാചാരണ പ്രവര്‍ത്തനങ്ങള്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്നു.

വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ശൈഖ് അലി അല്‍ ഹാഷ്മി ഉദ്ഘാടനം നിര്‍വഹിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്‌കാരിക വ്യവസായ പ്രമുഖര്‍ പങ്കെടുക്കും. ഗ്ലോബല്‍ കലാലയം കഥ, കവിത പുരസ്‌കാര ജേതാക്കള്‍ക്കുള്ള പുരസ്‌കാര വിതരണവും സാംസ്‌കാരിക സമ്മേളനത്തില്‍ നടക്കും. സംഘാടക സമിതി ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി തിരുവത്ര, കണ്‍വീനര്‍ ഹംസ അഹ്‌സനി, ആര്‍ എസ് സി ഗ്ലോബല്‍ ചെയര്‍മാന്‍ സകരിയ ശാമില്‍ ഇര്‍ഫാനി, ഗ്ലോബല്‍ സെക്രട്ടറി മുസ്തഫ കൂടല്ലൂര്‍, ആര്‍ എസ് സി യു. എ. ഇ നാഷനല്‍ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

 

 

Latest