Uae
യു എ ഇ ഫുഡ് ബേങ്ക് 70 ലക്ഷം ഭക്ഷണം എത്തിച്ചു
2024-ൽ, ബേങ്ക് 5,466 ടൺ ഭക്ഷണം പാഴാക്കലിൽ നിന്ന് ഒഴിവാക്കി.

ദുബൈ| ഈ റമസാനിൽ യു എ ഇ ഫുഡ് ബേങ്ക്, യു എ ഇക്ക് അകത്തും പുറത്തുമുള്ള ഏഴ് ദശലക്ഷം ആവശ്യമുള്ളവരിലേക്ക് ഭക്ഷണം എത്തിച്ചു. ശൈഖ ഹിന്ദ് ബിന്ത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ മാർഗനിർദേശത്തോടെ ആരംഭിച്ച ഈ പദ്ധതിയിൽ “ബാസ്‌കറ്റ്‌സ് ഓഫ് ബ്ലെസ്സിംഗ്‌സ്’ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം നൽകുന്നു. “സഅബീൽ ഇഫ്താർ’, “സർപ്ലസ് ഓഫ് ഗുഡ്‌നസ്’ എന്നിങ്ങനെ മൂന്ന് ഉപ പരിപാടികൾ ഉൾപ്പെട്ടിരുന്നു.
ഭക്ഷണ മാലിന്യങ്ങൾ കുറക്കുക, അവശിഷ്ട ഭക്ഷണം പുനർവിതരണം ചെയ്യുക, ഭക്ഷ്യയോഗ്യമല്ലാത്ത അവശിഷ്ടങ്ങൾ വളമായി പുനഃചംക്രമണം ചെയ്ത് പ്രാദേശിക കർഷകർക്ക് നൽകുക എന്നിവയിലൂടെ പരിസ്ഥിതി സുസ്ഥിരതാ ലക്ഷ്യങ്ങളെ പിന്തുണക്കുകയാണ് യു എ ഇ ഫുഡ് ബേങ്ക്.
2024-ൽ, ബേങ്ക് 5,466 ടൺ ഭക്ഷണം പാഴാക്കലിൽ നിന്ന് ഒഴിവാക്കി. ജീവകാരുണ്യ സംഘടനകളുമായും സർക്കാർ സ്ഥാപനങ്ങളുമായും സഹകരിച്ച് ഉത്തരവാദിത്തപൂർണമായ ഭക്ഷണ ഉപഭോഗത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യുന്നു.
“നിഅ്മ’ ദേശീയ ക്യാമ്പയിനുമായി സഹകരിച്ച് 2022-2024 കാലയളവിൽ പങ്കാളികളായ ഹോട്ടലുകളിലെ ഭക്ഷണ മാലിന്യം 47 ശതമാനം കുറച്ചു. ഈ പദ്ധതിയിലൂടെ ഈ റമസാനിൽ ഒരു ദശലക്ഷം ഭക്ഷണം ആവശ്യക്കാർക്ക് നൽകി.