Uae
റമസാനിൽ 70 ലക്ഷം പേർക്ക് ഭക്ഷണം നൽകാൻ യു എ ഇ ഫുഡ് ബേങ്ക്
മൂന്ന് ഉപ സംരംഭങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതി. "ബ്ലെസ്സിംഗ്‌സ് ബാസ്‌കറ്റ്‌സ്', "സബീൽ ഇഫ്താർ', "സർപ്ലസ് ഗുഡ്നെസ്' എന്നിവയാണിവ.

ദുബൈ | എമിറേറ്റ്‌സ് ഫുഡ് ബേങ്ക് വിശുദ്ധ റമസാൻ മാസത്തിൽ ഏഴ് ദശലക്ഷം ഭക്ഷണം നൽകുന്നതിന് “ഗിവിംഗ് ടുഗെദർ’ സംരംഭം ആരംഭിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ പത്‌നിയും യു എ ഇ ഫുഡ് ബേങ്ക് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ മാർഗനിർദേശത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് ഉപ സംരംഭങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതി. “ബ്ലെസ്സിംഗ്‌സ് ബാസ്‌കറ്റ്‌സ്’, “സബീൽ ഇഫ്താർ’, “സർപ്ലസ് ഗുഡ്നെസ്’ എന്നിവയാണിവ. ഭക്ഷ്യ പാഴാക്കലും നഷ്ടവും കുറക്കുന്നതിനും മികച്ച രീതികൾ സ്വീകരിക്കാൻ സമൂഹാംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പദ്ധതിയെന്ന് ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയർമാൻ എഞ്ചിനീയർ മർവാൻ അഹ്്മദ് ബിൻ ഗലിത പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തും വിശുദ്ധ മാസത്തിൽ പ്രതിദിനം 200,000-ത്തിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുക എന്നതാണ് ബ്ലെസ്സിംഗ്‌സ് ബാസ്‌കറ്റ്‌സിന്റെ ലക്ഷ്യം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കോർപ്പറേറ്റ് ദാതാക്കൾ, വ്യക്തികൾ എന്നിവരിൽ നിന്ന് പാകം ചെയ്തതും വേവിക്കാത്തതുമായ മിച്ച ഭക്ഷണം ശേഖരിച്ച് ചാരിറ്റബിൾ അസോസിയേഷനുകൾ വഴി വിതരണം ചെയ്യും.
സഅബീൽ ഇഫ്താർ 3,000-ത്തിലധികം തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം നൽകുന്ന പദ്ധതിയാണ്. സർപ്ലസ് ഗുഡ്നെസ് വഴി മിച്ചമുള്ള ഭക്ഷണം ക്രിയാത്മകവും സുസ്ഥിരവുമായ രീതിയിൽ പുനരുപയോഗിക്കാൻ ലക്ഷ്യമിടുന്നു. ഇതിന്നായി സർക്കാർ, സ്വകാര്യ മേഖല പങ്കാളികൾ, മാനുഷിക സംഘടനകൾ, ഭക്ഷ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, സ്വകാര്യ മേഖല കമ്പനികൾ എന്നിവയുമായുള്ള 12 സഹകരണ കരാറുകളും പങ്കാളിത്തങ്ങളും നടപ്പാക്കിയിട്ടുണ്ട്.