Connect with us

Uae

യു എ ഇ വിദേശ വ്യാപാരം മൂന്ന് ലക്ഷം കോടി ദിർഹം കവിഞ്ഞു; നാല് ട്രില്യൺ ദിർഹം നേരത്തെ കൈവരിക്കും

2031 ഓടെ നാല് ട്രില്യൺ ദിർഹം എന്ന വാർഷിക ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണ് രാജ്യം പ്രവർത്തിക്കുന്നത്.

Published

|

Last Updated

അബൂദബി | യു എ ഇയുടെ വിദേശ വ്യാപാരം 2024 അവസാനത്തോടെ ചരിത്ര നേട്ടത്തിലെത്തി. ആദ്യമായാണ് വിദേശ വ്യാപാരം മൂന്ന് ട്രില്യൺ ദിർഹമെന്ന നേട്ടത്തിലെത്തിലെത്തുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് രാജ്യത്തിന്റെ ഈ നേട്ടം ഇന്നലെ പ്രഖ്യാപിച്ചത്.

“ചരിത്രപരമായ നാഴികക്കല്ല്’ എന്നാണ് അദ്ദേഹമിതിനെ വിശേഷിപ്പിച്ചത്. “2024-ൽ ആഗോള വ്യാപാരം വെറും രണ്ട് ശതമാനം മാത്രം വളർന്നപ്പോൾ, യു എ ഇയുടെ വിദേശ വ്യാപാരം ആനിരക്കിന്റെ ഏഴ് മടങ്ങ്, 14.6 ശതമാനം വളർച്ച കൈവരിച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാന്റെ വർഷങ്ങളായുള്ള ശ്രമങ്ങളാണ് ഈ വിജയത്തിന് കാരണമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.

പ്രത്യേകിച്ച്, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ ഇതിന് വഴിയൊരുക്കി. ഈ കരാറുകൾ പങ്കാളി രാജ്യങ്ങളുമായുള്ള നമ്മുടെ എണ്ണ ഇതര വ്യാപാരത്തിൽ 135 ബില്യൺ ദിർഹം വർധിപ്പിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 42 ശതമാനം വർധനവ് ഉണ്ടാക്കി.

“മൂന്ന് ട്രില്യൺ ദിർഹം എന്ന നേട്ടം യു എ ഇയെ സംബന്ധിച്ചിടത്തോളം വലിയ കുതിച്ചുചാട്ടമാണ്. 2031 ഓടെ നാല് ട്രില്യൺ ദിർഹം എന്ന വാർഷിക ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണ് രാജ്യം പ്രവർത്തിക്കുന്നത്. 2024 അവസാനത്തോടെ, ഞങ്ങൾ ആ ലക്ഷ്യത്തിന്റെ 75 ശതമാനം നേടി. ഈ വേഗതയിൽ, നിശ്ചയിച്ചതിലും വർഷങ്ങൾക്ക് മുമ്പേ ഞങ്ങൾ ലക്ഷ്യത്തിൽ എത്തുമെന്നും ശൈഖ് മുഹമ്മദ്  പറഞ്ഞു.

യു എ ഇ സമ്പദ്്വ്യവസ്ഥ വൻ വികസന പാതയിലാണ്. 53 വർഷത്തിനുള്ളിൽ 24 മടങ്ങ് വളർച്ച കൈവരിച്ചു. അനിശ്ചിതത്വത്തിലുള്ള ആഗോള സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും രാജ്യത്തിന്റെ ജി ഡി പി, എഫ് ഡി ഐ, എണ്ണയിതര വിദേശ വ്യാപാരം എന്നിവ ആഗോള പ്രവണതകളെ മറികടന്നാണ് മുന്നേറുന്നത്.

Latest