Connect with us

Uae

ഇന്തോനേഷ്യയില്‍ യു എ ഇക്ക് വന്‍ പദ്ധതികള്‍; വിനോദ സഞ്ചാരകേന്ദ്രം പണിയാനുള്ള കരാര്‍ ഈഗിള്‍ ഹില്‍സ് പ്രോപ്പര്‍ട്ടി കമ്പനിക്ക്

ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുടെ വികസനം ഉള്‍ക്കൊള്ളുന്ന 300 കോടി ഡോളറിന്റെ കരാറിനാണ് ധാരണാപത്രം

Published

|

Last Updated

ദുബൈ | ഇന്തോനേഷ്യയില്‍ വിനോദ സഞ്ചാര കേന്ദ്രം പണിയാനുള്ള കരാര്‍ യു എ ഇ ആസ്ഥാനമായ ഈഗിള്‍ ഹില്‍സ് പ്രോപ്പര്‍ട്ടി കമ്പനിക്ക്. നഖീല്‍ പ്രോപ്പര്‍ട്ടീസിനെ നയിച്ചിരുന്ന മുഹമ്മദ് അലി അല്‍ അബ്ബാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈഗിള്‍. പ്രാഥമിക കരാറില്‍ ഒപ്പുവെച്ചതായി അധികൃതര്‍ അറിയിച്ചു.

ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുടെ വികസനം ഉള്‍ക്കൊള്ളുന്ന 300 കോടി ഡോളറിന്റെ കരാറിനാണ് ധാരണാപത്രം (എം ഒ യു). ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ യു എ ഇ സന്ദര്‍ശിച്ച വേളയിലാണ് കരാറിന് ധാരണയായത്. ജക്കാര്‍ത്തയിലെ സോകര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യ വികസനം കരാറിന്റെ ഭാഗമാണ്. സംയുക്ത ധാരണാപത്രം ഒരു വര്‍ഷത്തേക്ക് നീട്ടാനുള്ള സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യന്‍ സംരംഭക മന്ത്രി എറിക് തോഹിര്‍ പറഞ്ഞു.

ഇന്തോനേഷ്യയിലെ വ്യാവസായിക വാണിജ്യ മേല്‍ക്കൂരകളില്‍ സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള കരാറും യു എ ഇയുമായി ഒപ്പുവച്ചു. സ്മാര്‍ട്ട് സംവിധാനങ്ങള്‍ സംബന്ധിച്ച് സെന്‍ട്രല്‍ ബേങ്ക് ഓഫ് യു എ ഇയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്തോനേഷ്യയും തമ്മിലുള്ള ധാരണാപത്രം മറ്റൊന്നാണ്. ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗത്തില്‍ സഹകരണം, ഇന്തോനേഷ്യയിലെ ബാലിയില്‍ മുഹമ്മദ് ബിന്‍ സായിദ് ജോക്കോ വിഡോസോ കണ്ടല്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടും ഇന്തോനേഷ്യന്‍ മാരിടൈം അഫയേഴ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മന്ത്രാലയവും തമ്മിലുള്ള ധാരണയും ഉണ്ടായിട്ടുണ്ട്.