Uae
ദാവോസിൽ സമ്പദ് വ്യവസ്ഥയുടെ മത്സരശേഷി ഉയർത്തിക്കാട്ടി യു എ ഇ
മീറ്റിംഗിലെ പ്രത്യേക സെഷനിൽ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പങ്കെടുത്തു.
ദുബൈ| ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക മീറ്റിംഗിൽ ആഗോള തലങ്ങളിൽ സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ യു എ ഇ നിർവഹിക്കുന്ന പങ്ക് ഉയർത്തിക്കാട്ടുന്നു. മീറ്റിംഗിലെ പ്രത്യേക സെഷനിൽ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പങ്കെടുത്തു. ദുബൈ കൾച്ചർ ചെയർപേഴ്സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള യു എ ഇ പ്രതിനിധി സംഘം സമ്മേളനത്തിൽ നിരവധി പരിപാടികളിൽ പങ്കാളിയായി.
സമൂഹത്തിന് വാഗ്ദാനം ചെയ്യുന്ന സേവനങ്ങളിൽ നൂതന സാങ്കേതികവിദ്യകൾ പ്രാദേശികവത്കരിച്ചുകൊണ്ട് ആഗോള മാറ്റങ്ങളുമായി പൊരുത്തപ്പെടാനും ഭാവിയിലേക്ക് തയ്യാറെടുക്കാനും യു എ ഇ പ്രതിജ്ഞാബദ്ധമാണെന്ന് അബ്ദുല്ല ബിൻ തൂഖ് പറഞ്ഞു. വിവിധ മേഖലകളിലെ തുടർച്ചയായ പുരോഗതിയും ഉയർന്ന നിലവാരത്തിലുള്ള ജീവിത ആവാസവ്യവസ്ഥയുടെ സൃഷ്ടിയും പൗരന്മാരും താമസക്കാരും അനുഭവിക്കുന്ന ഉയർന്ന സുരക്ഷയും സ്ഥിരതയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
ഡൊണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നത് എമിറേറ്റ്സും ജി സി സിയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന് ശക്തി പകരുമെന്ന് പ്രതീക്ഷിക്കുന്നു. യു എസുമായി ശക്തമായ ബന്ധമുണ്ട്. ട്രംപുമായി ആ ബന്ധം മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ കരാർ
കുടിയൊഴിപ്പിക്കപ്പെട്ട കമ്മ്യൂണിറ്റികളെ സഹായിക്കുന്നതിനായി മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് യു എൻ അഭയാർഥി ഏജൻസിയായ യു എൻ എച്ച് സി ആറിന്റെ സുസ്ഥിര പദ്ധതികൾക്കും പരിപാടികൾക്കും പിന്തുണയായി 36.7 ദശലക്ഷം ഡോളർ കരാറിലെത്തി. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് കരാർ ഒപ്പിട്ടത്.