Uae
ഈദ് അല്‍ ഇത്തിഹാദ് നിറവില്‍ യു എ ഇ; എങ്ങും ചതുര്‍വര്‍ണം
രാജ്യത്തെ ഭരണാധികാരികളെയും നേതാക്കളെയും ഒരുമിച്ചുകൂട്ടുന്ന ഔദ്യോഗിക ചടങ്ങ് അല്‍ ഐനില്‍ നാളെ നടക്കും.
ദുബൈ | യു എ ഇ ഈദ് അല്‍ ഇത്തിഹാദ് ആഘോഷ നിറവിലേക്ക്. നാളെയാണ് ഔദ്യോഗിക പരിപാടികളെങ്കിലും ഇന്നലെ വാരാന്ത്യ അവധി തുടങ്ങിയതിനാല്‍ സ്വദേശികളും വിദേശികളും കൂട്ടായ്മയൊരുക്കി. രാജ്യത്ത് ചതുര്‍വര്‍ണങ്ങള്‍ അലയടിച്ചു. ഇന്നലെ രാജ്യത്ത് രക്തസാക്ഷി സ്മരണ ദിനമായിരുന്നു. രാവിലെ 11.30ന് ഒരു മിനുട്ട് മൗനാചരണം നടത്തി. ദേശീയ ഗാനം മുഴങ്ങി. മാളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കടലോരങ്ങള്‍ തുടങ്ങി മരുഭൂമിയില്‍ വരെ എല്ലായിടത്തും പതാകകള്‍ ഉയര്‍ന്നു.
രാജ്യത്തെ ഭരണാധികാരികളെയും നേതാക്കളെയും ഒരുമിച്ചുകൂട്ടുന്ന ഔദ്യോഗിക ചടങ്ങ് അല്‍ ഐനില്‍ നാളെ നടക്കും. ഇതിന്റെ തത്സമയ സംപ്രേഷണം കാണാന്‍ രാജ്യത്തുടനീളം പൊതുസ്ഥലങ്ങളില്‍ ഒരുക്കം നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ യു എ ഇ അധികൃതര്‍ അവധി പ്രഖ്യാപിച്ചതിനാല്‍ മിക്ക കുടുംബങ്ങളും വിനോദയാത്രയിലാണ്.
സ്റ്റേക്കേഷനുകളില്‍ തിരക്ക് കൂടി. ഒരു കുടുംബത്തിന് ഒരു രാത്രിക്ക് 480 ദിര്‍ഹം മുതല്‍ ഈടാക്കുന്നു. ബീച്ച് പ്രോപ്പര്‍ട്ടികളിലും റിസോര്‍ട്ടുകളിലും താമസിക്കാന്‍ ബുക്കിംഗ് കൂടി.
ഷാര്‍ജയില്‍ രണ്ട് ദിവസം സൗജന്യ പാര്‍ക്കിംഗ്
ഷാര്‍ജ ദേശീയ ദിന അവധിക്ക് ഷാര്‍ജയില്‍ രണ്ട് ദിവസത്തെ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് സൗജന്യം. പണമടച്ചുള്ള പാര്‍ക്കിംഗ് ഡിസംബര്‍ നാല് ബുധനാഴ്ച പുനരാരംഭിക്കും. എന്നിരുന്നാലും, നീല പെയ്ഡ് പാര്‍ക്കിംഗ് സോണുകളില്‍ പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ആഴ്ചയിലെ എല്ലാ ദിവസവും ഫീസ് ഈടാക്കും. ഈ സോണുകള്‍ നീല വിവര ചിഹ്നങ്ങളാല്‍ തിരിച്ചറിയാന്‍ കഴിയും. നേരത്തെ, ദുബൈയും സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചിരുന്നു.
ഡിസംബര്‍ രണ്ട്, മൂന്ന് ദിവസങ്ങളില്‍ എല്ലാ പൊതു പാര്‍ക്കിംഗുകളും (ബഹുനില പാര്‍ക്കിംഗ് ഒഴികെ) സൗജന്യമായിരിക്കുമെന്ന് എമിറേറ്റ്സ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) വെള്ളിയാഴ്ച അറിയിച്ചു. ഉപയോക്താക്കള്‍ക്ക് സൗജന്യ 53 ജി ബി ഡാറ്റ.
ദുബൈ | ദേശീയ ദിനത്തോടനുബന്ധിച്ച് ഇ& ചില ഉപയോക്താക്കള്‍ക്ക് സൗജന്യ 53 ജി ബി പ്രാദേശിക ഡാറ്റ ലഭിക്കും. എല്ലാ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഇമാറാത്തികള്‍ക്കും പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കും 53 ജി ബി സൗജന്യ പ്രാദേശിക ഡാറ്റ ലഭിക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 7 വരെ യു എ ഇയില്‍ ഉപയോഗിക്കാനാവും.
ഇ& പ്രീപെയ്ഡിലുള്ള പ്രവാസികള്‍ക്ക് 30 ദിര്‍ഹത്തിനും അതിനു മുകളിലും ഉള്ള ഓണ്‍ലൈന്‍ റീചാര്‍ജുകള്‍ക്ക് 53 ശതമാനം കിഴിവ് ലഭിക്കും. മൂന്ന് ദിവസത്തേക്ക് സാധുതയുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ കോളുകള്‍ക്ക് ഉപയോഗിക്കാവുന്നതുമാണ് ഇത്.
ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപറേറ്റര്‍ ഡു എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യ ഡാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് ഓഫറുകളാണ് പ്രഖ്യാപിച്ചത്. എല്ലാ ഡു പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഏഴ് ദിവസത്തേക്ക് സാധുതയുള്ള 53 ജി ബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും. ഡിസംബര്‍ നാല് വരെ ഓഫര്‍ ലഭ്യമാകും. സൗജന്യ 53 ജി ബി ലോക്കല്‍ ഡാറ്റ ക്ലെയിം ചെയ്യാന്‍ ഇ& ആപ്പില്‍ ലോഗിന്‍ ചെയ്താല്‍ മതി.