Uae
യു എ ഇ കടുത്ത തണുപ്പിൽ; ജബൽ ജെയ്സിൽ താപനില 2.2 ഡിഗ്രിയിലെത്തി
ഇനിയുള്ള ദിവസങ്ങളിൽ വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ദുബൈ | യു എ ഇ കനത്ത തണുപ്പിലേക്ക് പ്രവേശിച്ചതായി ദേശീയ കാലാവസ്ഥ കേന്ദ്രം. രാജ്യത്തെ പർവത നിരകളിൽ താപനില 2.2ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു. റാസ് അൽ ഖൈമയിൽ ജബൽ ജെയ്സിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഈ ശൈത്യകാലത്ത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും തണുത്ത ദിവസമാണിത്.ഇന്നലെ രാവിലെ 6.45നാണ് മെർക്കുറി 2.2ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞത്.
വെള്ളി രാവിലെ യു എ ഇയിൽ നിരവധി സ്ഥലങ്ങളിൽ മഴ ലഭിച്ചു. ചില പ്രദേശങ്ങളിൽ ഇടിമിന്നൽ അനുഭവപ്പെട്ടു. ദുബൈയിൽ ഉമ്മു സുഖീം, ജുമൈറ, അൽ സഫ, അൽ ജദ്ദാഫ് എന്നിവിടങ്ങളിൽ മഴ പെയ്തു.
ഇനിയുള്ള ദിവസങ്ങളിൽ വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.പതുക്കെ വാഹനമോടിക്കുകയും റോഡിന്റെ അരികിൽ നിന്ന് മാറിനിൽക്കുകയും ചെയ്യണം. ലോ-ബീം ഹെഡ്്ലൈറ്റുകൾ ഓണാക്കണം. വൈപ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ, പ്രത്യേകിച്ച് ചില വടക്കൻ, കിഴക്കൻ, തീര പ്രദേശങ്ങളിൽ മേഘാവൃതമായ ആകാശം പ്രതീക്ഷിക്കുന്നു. ചില ആന്തരിക പ്രദേശങ്ങളിൽ ശനിയാഴ്ചയും രാത്രിയിൽ കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.
വടക്ക് പടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ കാറ്റ് വീശും. ചിലപ്പോൾ പൊടിപടലങ്ങൾ വീശാൻ കാരണമാകും. കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ ആയിരിക്കും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കും.
വടക്കൻ പർവതനിരകളിൽ, പ്രത്യേകിച്ച് ജബൽ ജെയ്സിൽ വരും ദിവസങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.