Uae
ന്യൂഡൽഹിയിൽ യു എ ഇ - ഇന്ത്യ സംയുക്ത സമിതി യോഗം നടന്നു
വിവിധ മേഖലകളിലെ രണ്ട് സൗഹൃദ രാജ്യങ്ങളുടെ ചരിത്രപരവും തന്ത്രപരവുമായ ബന്ധത്തിന്റെ ആഴം ഉൾക്കൊള്ളുന്നതാണ് സംയുക്ത സമിതി സമ്മേളനം.
അബൂദബി | യു എ ഇ – ഇന്ത്യ സംയുക്ത സമിതി 15-ാമത് സെഷൻ ന്യൂഡൽഹിയിൽ നടന്നു. യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയശങ്കർ എന്നിവർ പങ്കെടുത്തു. വിവിധ മേഖലകളിലെ രണ്ട് സൗഹൃദ രാജ്യങ്ങളുടെ ചരിത്രപരവും തന്ത്രപരവുമായ ബന്ധത്തിന്റെ ആഴം ഉൾക്കൊള്ളുന്നതാണ് സംയുക്ത സമിതി സമ്മേളനം.
കഴിഞ്ഞ വർഷങ്ങളിൽ യു എ ഇയും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധത്തിലുണ്ടായ പുരോഗതിയിൽ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്്യാൻ അഭിനന്ദനം അറിയിച്ചു. യു എ ഇയുമായി സഹകരിച്ച് നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഡോ. സുബ്രഹ്‌മണ്യം ജയശങ്കറും ആവർത്തിച്ചു.
സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയുടെ ചട്ടക്കൂടിനുള്ളിൽ കൈവരിച്ച നേട്ടങ്ങൾ സമിതി അവലോകനം ചെയ്തു. കഴിഞ്ഞ വർഷം ഏകദേശം 84 ബില്യൺ യുഎസ് ഡോളറിലെത്തിയ വ്യാപാരം, അത് തുടരുന്നതുമായി ബന്ധപ്പെട്ട ഉത്ഭവ നിയമങ്ങൾ, സാങ്കേതിക തടസ്സങ്ങൾ, സാനിറ്ററി, ഫൈറ്റോസാനിറ്ററി എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
ദേശീയ പ്ലാറ്റ്ഫോമുകളുടെ സംയോജനത്തിലൂടെ ഡിജിറ്റൽ പേയ്മെന്റ‌് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, യു എ ഇ-ഇന്ത്യ ഫുഡ് കോറിഡോർ വികസിപ്പിക്കുക, ശാസ്ത്രം, ഗവേഷണം, വിദ്യാഭ്യാസം, ആണവോർജം, ബഹിരാകാശം എന്നീ മേഖലകളിലെ സഹകരണത്തിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനൊപ്പം വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകൾ തുടങ്ങിയവ ഇരുപക്ഷവും ചർച്ച ചെയ്തു.
യു എ ഇ പ്രതിനിധി സംഘത്തിൽ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, അന്താരാഷ്ട്ര സഹകരണ കാര്യ സഹമന്ത്രി റീം ബിൻത് ഇബ്റാഹിം അൽ ഹാശിമി, സഹമന്ത്രി അഹ്്മദ് ബിൻ അലി അൽ സയീഗ് എന്നിവർ അടക്കം നിരവധി പ്രമുഖരുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി നിരവധി ധാരണാപത്രങ്ങളും ഒപ്പുവെച്ചു.